kk-shailaja

കോഴിക്കോട്:ഭിന്നശേഷി സമഗ്ര ശാക്തീകരണ പദ്ധതിയായ 'എനേബ്ളിംഗ് കോഴിക്കോട്' ലോകത്തിന് മാതൃകയാവുന്ന പദ്ധതിയായി മാറുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.പദ്ധതി പ്രഖ്യാപനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി വലിയ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് ജീവിതകാലം മുഴുവൻ സഹായമെത്തിയ്ക്കുക എന്ന ലക്ഷ്യവുമായാണ് 'അനുയാത്ര' പദ്ധതി ആവിഷ്‌ക്കരിച്ചത്.വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേനയും നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കാഴ്ചപരിമിതർക്കായി സ്മാർട്ട്‌ഫോണുകളും പരിശീലനവും നൽകുന്ന 'കാഴ്ച' പദ്ധതി ആവിഷ്‌കരിച്ചു. 1,000 പേർക്ക് മൊബൈൽഫോണും പരിശീലനവും നൽകി.
പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒളവണ്ണ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തയ്യാറാക്കിയ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റർ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ ആശുപത്രികളിൽ നവജാത ശിശുക്കളുടെ കേൾവി പരിശോധന സാർവത്രികമാക്കുന്നതിന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രീഷ്യന്റെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു. പി.ഡബ്ല്യു.ഡി വെൽഫെയർ കമ്മിറ്റി പ്രഖ്യാപനം ഡെപ്യൂട്ടി മേയർ മീര ദർശകും എനേബ്ളിംഗ് കോഴിക്കോട് പദ്ധതി രേഖ പ്രകാശനം പി.ടി.എ റഹീം എം.എൽ. എയും നിർവഹിച്ചു.
ചടങ്ങിൽ ചലച്ചിത്രനടൻ മമ്മൂട്ടി ശബ്ദ സന്ദേശം നൽകി. എം. എൽ. എമാരായ ഇ.കെ.വിജയൻ, വി. കെ. സി മമ്മദ് കോയ, സി.കെ നാണു, ജില്ലാ കളക്ടർ സാംബശിവ റാവു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ, സാമൂഹ്യനീതി ഓഫീസർ പവിത്രൻ തൈക്കണ്ടിൽ, എനേബ്ളിംഗ് കോഴിക്കോട് മിഷൻ കൺവീനർ ഷീബ മുംതാസ്, അഡീഷണൽ ഡി.എം.ഒ ഡോ രാജേന്ദ്രൻ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ അബ്ദുൽ ഹക്കീം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.ആർ രാജേന്ദ്രൻ, ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ.ടി.പി അഷ്റഫ്, നാഷണൽ ട്രസ്റ്റ് എൽ.എൽ.സി കൺവീനർ പി.സിക്കന്തർ, പരിവാർ ജില്ലാ പ്രസിഡന്റ് കെ.കോയട്ടി തുടങ്ങിയവർ പങ്കെടുത്തു.