kandal
കൊയിലാണ്ടിയിലെ അണേലയിൽ കണ്ടൽ മ്യൂസിയത്തിന്റെ ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിക്കുന്നു

കൊയിലാണ്ടി: ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടൽ മ്യൂസിയം കൊയിലാണ്ടി നഗരസഭയിലെ അണേലയിൽ യാഥാർത്ഥ്യമായി. ഏഷ്യയിൽ രണ്ടാമത്തേതാണിത്.

മ്യൂസിയം കെ. ദാസൻ എം.എൽ.എ ഇന്നലെ നാടിന് സമർപ്പിച്ചു. നേരത്തെ നിർമ്മിച്ച കെട്ടിടം വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി നവീകരണം പൂർത്തിയാക്കിയാണ്ഇത് പ്രവർത്തനമാരംഭിക്കുന്നത്. ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷനായിരുന്നു.

ആനക്കണ്ടൽ, ചുള്ളിക്കണ്ടൽ, നക്ഷത്ര കണ്ടൽ തുടങ്ങി വിവിധ ഇനങ്ങൾ ഇവിടെയുണ്ട്. കേരളത്തിൽ കണ്ടുവരുന്ന കണ്ടലുകളുടെ ഫോട്ടോകൾ നിരത്തിയിട്ടുണ്ട് മ്യൂസിയത്തിൽ. ചിത്രത്തോടൊപ്പം അവയുടെ പ്രാദേശിക - ശാസ്ത്രീയ നാമങ്ങൾ, വിശദീകരണങ്ങൾ എന്നിവ കൂടി ചേർത്തിട്ടുണ്ടെന്നിരിക്കെ കൃത്യം ധാരണ പകർന്നേകാനാവും.

ലോകത്തിലെ വിവിധ കണ്ടലുകളെക്കുറിച്ചുള്ള ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും. ഗവേഷണ വിദ്യാർത്ഥികൾക്ക് പഠനം നടത്താനുള്ള സൗകര്യവും വിനോദ സഞ്ചാരികൾക്ക് കായൽ ടൂറിസം ഉൾപ്പടെ ആസ്വദിക്കാനുള്ള സംവിധാനവും ഒരുക്കാൻ നഗരസഭ ഉദ്ദേശിക്കുന്നുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ, കെ.ഷിജു, പി.എം.ബിജു, ടി.പി.രാമദാസ്, ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ നിരഞ്ജന, ജെ.എച്ച്.ഐ ഷീബ തുടങ്ങിയവർ സംസാരിച്ചു.