കുന്ദമംഗലം: ദുരൂഹസാഹചര്യത്തിൽ കാണാതായ സൈനികനായ പ്രിയതമന് വേണ്ടി നീതു കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടരവർഷം പിന്നിട്ടു. വിശ്വസനീയമായ ഒരു വിവരവും സൈനിക കേന്ദ്രങ്ങളോ പൊലീസോ ഈ കുടുംബത്തിന് നൽകിയിട്ടില്ല.അച്ഛനെക്കുറിച്ചുള്ള ഏക മകൾ ഏഴുവയസുകാരി ദ്രുതയുടെ ചോദ്യങ്ങൾക്ക് മുന്നിൽ നീതു പകച്ചുനിൽക്കുകയാണ്. മകന്റെ വരവും കാത്തിരിക്കുന്ന അമ്മ കോമളവല്ലിയും അച്ഛൻ മാധവനും. അന്വേഷിച്ച് തളർന്ന സൈനികനായ സഹോദരൻ ബിജു. കോഴിക്കോട് ചാത്തമംഗലം വെള്ളലശ്ശേരി പൊൻപണത്തിൽ ഹവിൽദാർ ഷിജു
അമ്പാല 140 എയർ ഡിഫൻസ് റെജിമെന്റിലായിരുന്നു. 2018 മേയ് 28ന് ചണ്ഡിഗഡിൽ നിന്ന് സഹപ്രവർത്തകർക്കൊപ്പം ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് പോയതായിരുന്നു. യാത്രയ്ക്ക് മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ ഇറങ്ങിയപ്പോൾ ഷിജുവിനെ കാണാതായെന്നാണ് സൈനികകേന്ദ്രം കുടുംബത്തെ അറിയിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി, കരസേന മേധാവി, മുഖ്യമന്ത്രി, കുന്ദമംഗലം പൊലീസ്, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ തുടങ്ങിയവർക്കെല്ലാം നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകി. നീതു സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ കാണാതാവുമ്പോൾ ഷിജുവിനൊപ്പമുണ്ടായിരുന്ന ഗാർഡുമാരെ നുണപരിശോധനയ്ക്ക് വിധേയമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു പൊലീസിന്റെ നുണപരിശോധനാ റിപ്പോർട്ടെന്ന് നീതു പറയുന്നു.
അമ്പാലക്യാമ്പിൽ നിന്ന് പാട്യാലയിലെ സൈനിക കാന്റീനിലേക്ക് ഷിജുവിനെ താൽക്കാലിക ഡ്യൂട്ടിക്ക് നിയമിച്ചതായിരുന്നു.ഷിജുവിന്റെ തിരോധാനത്തിന് ശേഷം സൈനിക കാന്റീനിലെ പല ജീവനക്കാരെയും സ്ഥലം മാറ്റിയതായി അറിഞ്ഞു. അതേപ്പറ്റി അന്വേഷണം നടത്തിയാൽ തിരോധാനത്തിന്റെ ചുരുളഴിയുമെന്നാണ് കുടുംബം വിശ്വസിക്കുന്നത്.