കോഴിക്കോട് : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് മോഡൽ കംഫർട്ട് സ്റ്റേഷൻ പദ്ധതിക്ക് ഡി.പി.സി അംഗീകാരം. ചാത്തമംഗലം പഞ്ചായത്തൊഴികെ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തിലും പദ്ധതിക്കാവശ്യമായ നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്. യാത്രക്കാർ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കെല്ലാം ഉപയോഗിക്കാൻ കഴിയുന്ന അന്താരാഷ്ട്ര നിലവാരമുള്ള ശുചി മുറി സംവിധാനമാണ് ടേക്ക് എ ബ്രേക്ക് . ദേശീയ, സംസ്ഥാന പാതയോരങ്ങളിലും പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ഇടങ്ങളിലുമാണ് ടേക്ക് എ ബ്രേക്ക് സ്ഥാപിക്കുക. നിലവിൽ ഉപയോഗ ശൂന്യമായ പൊതുശുചിമുറികൾ ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളാക്കി മാറ്റും. സ്ഥല ലഭ്യതയുള്ള ഇടങ്ങളിൽ ശുചിമുറി സമുച്ചയങ്ങൾക്കൊപ്പം കോഫി ഷോപ്പ് റിഫ്രഷ്മെന്റ് സെന്ററുകൾ എന്നിവയും സ്ഥാപിക്കും. തദ്ദേശഭരണ സ്ഥാപനത്തിന് കീഴിൽ വരുന്ന കുടുംബശ്രീ യൂണിറ്റുകൾക്കാണ് കേന്ദ്രത്തിന്റെ പരിപാലന ചുമതല. ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന പദ്ധതിൽ സ്വഛ് ഭാരത് മിഷന്റെ ശുചിത്വമിഷൻ ഫണ്ട്, തനത് ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നിവയാണ് ഇതിനായി ചെലവഴിക്കുക. ബ്ലോക്കിലെ പഞ്ചായത്തുകൾ 1 കോടി 12 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കാരശ്ശേരി പഞ്ചായത്താണ് കൂടുതൽ തുക വകയിരുത്തിയത് . 34.5 ലക്ഷം രൂപ. കൊടിയത്തൂർ പഞ്ചായത്ത് 15.5 ലക്ഷം, കുരുവട്ടൂർ പഞ്ചായത്ത് 18.9 ലക്ഷം, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 16 ലക്ഷം, പെരുവയൽ ഗ്രാമപഞ്ചായത്ത് 12.6 ലക്ഷം, പെരുമണ്ണ പഞ്ചായത്ത് 8.3 ലക്ഷം, മാവൂർ ഗ്രാമപഞ്ചായത്ത് 6.9 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയത്.
പദ്ധതിയുടെ ഭാഗമായി കെട്ടിടം സ്ഥാപിക്കാൻ സ്ഥലം ലഭ്യമല്ലാതിരുന്ന കാരശേരി, മാവൂർ, കൊടിയത്തൂർ പഞ്ചായത്തുകൾ സ്ഥലം ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടറുടെ അനുമതി തേടിയിട്ടുണ്ട്. സ്ഥലം ലഭ്യമാവുന്നതോടെ പദ്ധതി ആരംഭിക്കും. 2021 ജനുവരി 31 നകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചാത്തമംഗലം പഞ്ചായത്തിൽ കൂടി പദ്ധതി നടപ്പിക്കാനാണ് ഹരിത കേരളം മിഷൻ ലക്ഷ്യമിടുന്നത്.