കുറ്റ്യാടി: ചികിത്സാ ധനം കണ്ടെത്താൻ ബിരിയാണി ചലഞ്ചും പൊറോട്ട ഫെസ്റ്റും നടത്താനൊരുങ്ങി ജീവകാരുണ്യ കൂട്ടായ്മകൾ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സഹായം തേടുന്ന എസ്.കെ.വിജീഷിനെ സഹായിക്കാൻ കുറ്റ്യാടിയിലെ ജീവകാരുണ്യ പ്രവർത്തനത്തിൽ നിറസാന്നിധ്യമായ ചിന്നൂസ് കൂട്ടായ്മയാണ് ചൊവ്വാഴ്ച ബിരിയാണി ചലഞ്ചുമായി രംഗത്തു വരുന്നത്. "സാന്ത്വനമേകാൻ ബിരിയാണി ചലഞ്ച് "കൂട്ടായ്മയിലൂടെ 100 രൂപയാണ് ബിരിയാണിക്കായി സംഭാവനയായി വാങ്ങുന്നത്. 9846104103, 9495456530 നമ്പറുകളിൽ വിളിച്ചാൽ ബിരിയാണി വീടുകളിലെത്തും.ഇരു വൃക്കകളും തകരാറിലായ വേളം ചിറക്കൽ കുമാരന്റെ ചികിത്സ ധനശേഖരണാർത്ഥം ട്രോമ കെയർ വേളം ചാപ്റ്ററാണ് പൊറാട്ട ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .നവംബർ 8ന് വേളത്താണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. രണ്ട് പൊറാട്ടയും ചിക്കൻ കറിയും 50 രൂപ നിരക്കിൽ വിൽപ്പന നടത്തിയാണ് ഫണ്ട് ശേഖരിക്കുന്നത്. കാരുണ്യത്തിന്റെ കൈത്താങ്ങാകുന്ന പരിപാടിയിൽ പങ്കു ചേരാൻ 7902944712, 7034419005 നമ്പറുകളിൽ വിളിക്കാം.