കോഴിക്കോട്: വേങ്ങേരി മാർക്കറ്റിനെ നാളികേര ട്രേഡിംഗ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചതായി കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു.
കേരകൃഷിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുയായിരുന്നു മന്ത്രി. കൂത്താളി ഫാമിൽ നാളികേരാധിഷ്ഠിത സംരംഭം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു. 2019 മുതൽ 2029 വരെ നീണ്ടു നിൽക്കുന്ന സമഗ്ര നാളികേര വികസനമാണ് നാളികേര മിഷൻ ലക്ഷ്യമിടുന്നത്. കേടുവന്ന തെങ്ങുകൾ വെട്ടിമാറ്റി ഉത്പാദനക്ഷമതയുള്ള രണ്ട് കോടി തൈകൾ വച്ചുപിടിപ്പിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഓരോ വാർഡിലും 75 തെങ്ങിൻ തൈകളുടെ വിതരണവും രണ്ട് വർഷമായി നടക്കുന്നു. എഴരലക്ഷം ഹെക്ടർ നാളികേര കൃഷി ഒമ്പത് ലക്ഷം ഹെക്ടറാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള സംരംഭങ്ങൾ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നാളികേര മിഷന്റെ ഭാഗമായി നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയായി.