maoist

നാദാപുരം: വയനാട് ബാണാസുരമലയിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കോഴിക്കോട് റൂറൽ ജില്ലയിലെ മലയോര മേഖലയിൽ അതീവ ജാഗ്രത പാലിക്കാൻ പൊലീസിന്റെ നിർദേശം. വയനാട്, മലപ്പുറം ജില്ലകളോടു ചേർന്നുള്ള വനമേഖലയിൽ പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിലങ്ങാട് പ്രദേശത്ത് സായുധസേന പരിശോധന നടത്തി. വനമേഖലയിൽ നിരീക്ഷണം കർശനമാക്കിയതായി നാദാപുരം ഡിവൈ.എസ്.പി പറഞ്ഞു.

ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പൊലീസ് സ്റ്റേഷനുകൾക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തിക്കഴിഞ്ഞു. തൊട്ടിൽപാലം, വളയം, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി സ്റ്റേഷനുകൾക്ക് നേരത്തെ തന്നെ മാവോയിസ്റ്റ് ഭീഷണി നിലവിലുള്ളതാണ്.

ഈ സ്റ്റേഷനുകളിൽ സായുധധാരികളായ ആന്റി നക്സൽ ഫോഴ്സിനെ വിന്യസിച്ചിരിക്കുകയാണ്. കക്കയം വന മേഖലയിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പല തവണ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച കണ്ണൂർ, വയനാട് ജില്ലകളിലെ വനമേഖലയും പൊലീസ് നിരീക്ഷണത്തിലാണ്‌. വയനാട് വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം വിലങ്ങാട് മലയോരത്തും പരിസരങ്ങളിലും പല തവണയുണ്ടായിട്ടുണ്ട്. മാവോയിസ്റ്റുകൾ ആദിവാസി ഊരുകളിലെത്തിയ സംഭവങ്ങളോടനുബന്ധിച്ച് നാലു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇപ്പോൾ വിചാരണ നേരിടുന്ന രൂപേഷിനെ വിലങ്ങാട് എത്തിച്ച് തെളിവെടുത്തതുമാണ്.