കോഴിക്കോട്: ആന്ധ്രയിൽ നിന്നു ലോറിയിൽ കടത്തിയ 124 കിലോ കഞ്ചാവ് പിടികൂടി. ഇതിന് ഏതാണ്ട് 75 ലക്ഷം രൂപ വില കണക്കാക്കുന്നു. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് അറസ്റ്റിലായി. ദേശീയപാത ബൈപാസ് റോഡിൽ അറപ്പുഴ പാലത്തിനടുത്തു വെച്ചായിരുന്നു പന്തീരാങ്കാവ് പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കഞ്ചാവ് വേട്ട. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ലോറി തടഞ്ഞു പരിശോധിക്കുകയായിരുന്നു. ചരക്ക് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു. ലോറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇയാൾ മാറ്റാർക്കോ വേണ്ടി കടത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.