വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ മുഴുവൻ വാർഡുകളിലെയും നിയന്ത്രണങ്ങൾ ജില്ലാ കലക്ടർ നീക്കി. നിലവിൽ 68 രോഗികളാണുള്ളത്. ആകെ 559 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നതിൽ 491 പേരും രോഗവിമുക്തരായി.
പഞ്ചായത്ത് സി.ഫ്.എൽ.ടി.സിയിൽ അഞ്ചുപേരാണ് നിലവിലുള്ളത്. നാലാം വാർഡിൽ 3, പതിനഞ്ചാം വാർഡിൽ 8, പതിനാറാം വാർഡിൽ 7 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 4,18 വാർഡുകളിലെ നിയന്ത്രണങ്ങളാണ് ഏറ്റവുമൊടുവിൽ ഒഴിവാക്കിയത്. ഹാർബറിൽ ഇന്ന് 250 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്.
ആശാവർക്കർമാർ 2300 വയോജനങ്ങളെ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തി. ഇന്നലെ 45 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിൽ രണ്ട് പേർ മാത്രമാണ് പോസറ്റീവായത്.
പഞ്ചായത്തിലെ കൊവിഡ് ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം ഇന്നലെ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി പി ജയൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്ടറൽ മജിസ്ട്രേട്ട് പ്രിയേഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് അധ്യാപകരായ കെ ദീപു രാജ്, കെ പി പ്രീജിത്ത് കുമാർ, സി കെ സാജിദ്, രശ്മി ടീച്ചർ എന്നിവർ സംസാരിച്ചു. കൊവിഡ് വിമുക്തി നേടിയ മുഴുവൻ പേരെയും ഫോണിൽ വിളിച്ച് അവസ്ഥാപഠനം നടത്താൻ തീരുമാനിച്ചു. തീരപ്രദേശത്ത് 8ന് തീരനടത്തത്തിനും തീരുമാനമായി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ധ്യാപകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 20 അംഗ സംഘം തീര നടത്തത്തിനിറങ്ങുക. വീടുകളിൽ കഴിയുന്നവർക്ക് ബോധവൽക്കരണം, ഇൻസ്റ്റൻറ് വീഡിയോ പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും.
കുട്ടികൾക്ക് പ്രശസ്ത ചിത്രകാരൻ പാരിസ് മോഹൻകുമാറിന്റെ ഓൺലൈൻ ചിത്രരചനാ ക്ലാസ് ഉടൻ തുടങ്ങും. കുട്ടികളിൽ മാനസിക പിരിമുറക്കം ഒഴിവാക്കാൻ മാനസിക വിദഗ്ദ്ധരെ വച്ച് വെബിനാർ സംഘടിപ്പിക്കും. കൊവിഡ് കാലത്തെ കുട്ടികളുടെ അനുഭവങ്ങൾ 7736167501 എന്ന വാട്സ്ആപ്പ് നമ്പറിൽ എഴുതി അയക്കാം. മികവുറ്റവത് തിരഞ്ഞെടുത്ത് സമ്മാനം നൽകും. പത്തിനു മുമ്പായി ഇത് അയക്കണം.