kaduva
കടുവയെ തുരത്താൻ വനപാലക സംഘം എത്തിയപ്പോൾ

സുൽത്താൻ ബത്തേരി: ബീനാച്ചി ടൗണിനടുത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ ഇന്നലെ പട്ടാപ്പകൽ കടുവയും രണ്ട് കുട്ടികളും ഇറങ്ങി. ഒരു പകൽ മുഴുവൻ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയും കുട്ടികളും വൈകീട്ടോടെ മധ്യപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുളള ബീനാച്ചി എസ്റ്റേറ്റിലേക്ക് കടന്നു.

ദേശീയ പാത 766-ന് സമീപത്തുള്ള പൂതിക്കാട് ഇന്നലെ കാലത്ത് 10 മണിയോടെയാണ് കടുവകളെ കണ്ടെത്തിയത്. മഞ്ജരി വീട്ടിൽ സുമാലിനിയുടെ വീടിനോട് ചേർന്നാണ് ആദ്യം കടുവകളെ കണ്ടത്. ഇവർ കടുവയുടെ ഗർജനം കേട്ട് നോക്കിയപ്പോഴാണ് വീടിന് സമീപത്തായി കടുവകളെ കണ്ടത്. ഓടി വീടിനകത്ത് കയറി വാതിലടച്ച ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. കടുവ ഇറങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയ കള്ളിക്കാടൻ ഷൗക്കത്ത്, സി.കെ.മുസ്തഫ എന്നിവർക്ക് നേരെ കടുവ പാഞ്ഞടുത്തു. ഇവർ കടുവയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ് കടുവ തൊട്ടടുത്ത പൂതിക്കാട് എത്തിയതെന്ന് കരുതുന്നു. 500 എക്കറിലായി വ്യാപിച്ചുകിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിൽ ആന ഒഴികെയുള്ള എല്ലാ മൃഗങ്ങളും ഉണ്ട്. മുമ്പ് ബീനാച്ചിയിലും കട്ടയാടും ബത്തേരി പട്ടണത്തോട് ചേർന്നും കടുവയെ കണ്ടത് ഇവിടെ നിന്ന് വന്നതാണന്നാണ് കരുതുന്നത്. തിങ്കളാഴ്ച പൂതിക്കാടുള്ള എസ്.ഐ.സലാമിന്റെ പറമ്പിൽ ഒരു കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ശരീരാവശിഷ്ടം കണ്ടെത്തിയിരുന്നു. അത് ഇന്നലെ കടുവ വന്ന് തിന്നുപോവുകയും ചെയ്തു. വിവരമറിഞ്ഞ് ബത്തേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രമ്യ രാഘവന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ബത്തേരി പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. മൈക്ക് അനൗൺസ്‌മെന്റ് നടത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പകൽ സമയം മുഴുവൻ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ കടുവകളെ വനസമാനമായ ബിനാച്ചി എസ്റ്റേറ്റിലേക്ക് തുരത്താനുളള നീക്കം ആരംഭിച്ചു. ഇതിനായി ബീനാച്ചി പൂതിക്കാട് റോഡിലെ ഗതാഗതം തടഞ്ഞു. ബത്തേരി, കുറിച്ച്യാട്, ചെതലയം, റെയിഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ റെയിഞ്ചിലെ ജീവനക്കാരും ആർ.ആർ.ടി ടീമും ചേർന്ന് പല സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്.തിരച്ചിൽ തുടങ്ങി ഒരു മണിക്കൂറിന് ശേഷം ഒരു കടുവയെ കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം മറ്റൊന്നിനെയും കൃഷിയിടത്തിൽ തന്നെ കണ്ടത്തി. ഡ്രോൺ ഉപയോഗിച്ച് ഇവയെ വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. മൂന്ന് കടുവകളുള്ളതിനാൽ ഇവയെ എങ്ങനെ വനത്തിലേക്ക് തുരത്തണമെന്നകാര്യത്തിൽ വനംവകുപ്പും ആശങ്കയിലാണ്. ജനവാസകേന്ദ്രവും ദേശീയപാതയും പിന്നിട്ട് വേണം കടുവകളെ വനസമാനമായ ബീനാച്ചി എസ്റ്റേറ്റിലേക്കോ വന്യജീവി സങ്കേതത്തിലേക്കോ തുരത്താൻ. കുട്ടികൾ ഒപ്പമുള്ളതിനാൽ തള്ള കടുവ അക്രമാസക്തമാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണ്. ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവ കർഷകരുടെ വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായിരുന്നു. ബീനാച്ചി സ്‌കൂൾ കുന്നിൽ കഴിഞ്ഞ ആഴ്ച കടുവയിറങ്ങിയപ്പോൾ ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും മറ്റ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ രാവിലെ ജനവാസ കേന്ദ്രത്തിൽ കടുവകൾ പ്രത്യക്ഷപ്പെട്ടത്. ഇവിടെ പകൽ പോലും പുറത്തിറങ്ങാൻ ആളുകൾ ഭയക്കുകയാണ്.