bike

കോഴിക്കോട്: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് കർശനമാക്കുന്നു. തുടക്കത്തിൽ പരിശോധനയിൽ അല്പം വിട്ടുവീഴ്ച വരുത്തിയെങ്കിലും വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് തീരുമാനം. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം നിരത്തിലിറക്കിയാൽ വാഹനം ഓടിക്കുന്നയാളുടെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് റദ്ദാവുക. കൂടാതെ പിഴയും നൽകേണ്ടിവരും. ആദ്യഘട്ടത്തിൽ വ്യാപകമായി പിഴചുമത്താതെ താക്കീത് നൽകും. ഘട്ടംഘട്ടമായി പിഴചുമത്തൽ കർശനമാക്കുകയും ലെെസൻസ് റദ്ദാക്കുകയും ചെയ്യും.

രണ്ട് ദിവസം കൊണ്ട് ജില്ലയിൽ 200 ലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി കർശനമാക്കാൻ ഒരുങ്ങുന്നത്. ഈ മാസം ഒന്നു മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നെങ്കിലും ഇരുചക്രവാഹന യാത്രക്കാർ നിയമലംഘനം തുടരുകയാണ്. 2019 ഡിസംബർ ഒന്ന് മുതലാണ് സംസ്ഥാനത്ത് നാല് വയസിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെ പിൻസീ​റ്റ് യാത്രക്കാർക്ക് ഹെൽമ​റ്റ് നിർബന്ധമാക്കിയത്.

ഇരുചക്രവാഹനങ്ങളിൽ ഹെൽമ​റ്റിടാതെ യാത്രചെയ്തവരുടെ അപകട മരണ നിരക്ക് കൂടിയതോടെയാണ് പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. ജില്ലയിൽ ലോക്ക് ഡൗണിൽ അപകടങ്ങൾ കുറഞ്ഞിരുന്നെങ്കിലും ഇളവ് വന്നതോടെ അപകടങ്ങളും മരണവും ദിനംപ്രതി കൂടുകയാണ്.

'' അപകടങ്ങൾ കുറയ്ക്കാനാണ് പിൻസീറ്റിൽ ഇരിയ്ക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയത്. ബോധവത്കരണം നൽകി വരുന്നുണ്ട്. നിയമലംഘനം ആവർത്തിക്കുന്നവർക്ക് പിഴചുമത്തും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും". അനൂപ് വർക്കി , എൻഫോഴ്സ്മെന്റ് ആർ.ടി.ഒ