chanda
കേരള കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗണിൽ ആരംഭിച്ച ആഴ്ച ചന്ത മേയർ തോട്ടത്തിൽ രവീന്ദ്രൻ കർഷകരിൽ നിന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വിഷരഹിത പഴം- പച്ചക്കറി വിപണനത്തിനായി കേരള കാർഷിക വികസന വകുപ്പ് തുടക്കമിട്ട ആഴ്ച ചന്ത കോഴിക്കോടും ആരംഭിച്ചു. കോഴിക്കോട് പുതിയ സ്റ്റാൻഡിന് സമീപം ഇ.എം.എസ് സ്റ്റേഡിയത്തിനു മുന്നിലാണ് ചന്ത പ്രവർത്തിക്കുക. മേയർ തോട്ടത്തിൽ രവീന്ദ്രൻ കർഷകരിൽ നിന്ന് പച്ചക്കറികൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഉമ്മൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജയശ്രീ കീർത്തി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്) പ്രദീപ്, ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സപ്ന, കോഴിക്കോട് കൃഷി ഓഫീസർ സാലിം എന്നിവർ പങ്കെടുത്തു. ബുധനാഴ്ചകളിൽ രാവിലെ 9 മുതൽ ചന്ത പ്രവർത്തിക്കും. കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികളും പഴങ്ങളും ശേഖരിച്ചാണ് വില്പന. ഉദ്ഘാടന ദിവസം തക്കാളി, മത്തൻ, കുമ്പളം, വെണ്ട, വെള്ളരി, സാലഡ് വെള്ളരി, ചീര, പീച്ചിൽ, പാവയ്ക്ക, ഏത്തക്കായ, വാഴപ്പഴങ്ങൾ എന്നിവ വിൽപ്പനയ്ക്കായി എത്തി.