കൽപ്പറ്റ: ബത്തേരി സർവീസ് സഹകരണ ബാങ്കിൽ സംഭവിച്ച കാലതാമസം കാരണം, പരേതനായ ജീവനക്കാരന്റെ കുടുംബത്തിന് നിഷേധിക്കപ്പെട്ട കുടുംബ പെൻഷനും പെൻഷൻ കുടിശികയും എത്രയും വേഗം ഭാര്യയ്ക്ക് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

1998 ജൂൺ 30 ന് സർവീസിൽ നിന്ന് വിരമിച്ച വാസുദേവന്റെ പെൻഷൻ ഫണ്ടിലേക്ക് ബാങ്ക്, പെൻഷൻ വിഹിതം അടയ്ക്കാൻ കാലതാമസം വന്നതു കാരണമാണ് ഭാര്യയ്ക്ക് കുടുംബപെൻഷനും പെൻഷൻ കുടിശികയും നിഷേധിക്കപ്പെട്ടത്. ഇത് പലിശ സഹിതം ഉടൻ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

പെൻഷൻ ബോർഡിലേക്ക് കുടിശിക അടയ്‌ക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. വയനാട് സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

പെൻഷൻ ബോർഡിലേക്കുള്ള ബാങ്കിന്റെ കുടിശിക 50,062 രൂപ മാത്രമാണെന്നും എന്നാൽ തുക അടയ്ക്കാൻ കാലതാമസം നേരിട്ടതിനാൽ പലിശ സഹിതം 3,25,130 രൂപ പെൻഷൻ ബോർഡ് ആവശ്യപ്പെട്ടെന്നുമാണ് ബാങ്കിന്റെ വിശദീകരണം. 50,062 അടയ്ക്കാൻ തങ്ങൾ തയ്യാറാണെന്നും ബാങ്ക് പറഞ്ഞു. നൂൽപ്പുഴ സ്വദേശി വാസുദേവന്റെ ഭാര്യ സമർപ്പിച്ച പരാതിയിലാണ് നടപടി.