കോഴിക്കോട്: ലൈഫ് മിഷൻ അഴിമതിയിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സി.പി.എമ്മും സംസ്ഥാന സർക്കാരും ഉയർത്തുന്ന പ്രതിരോധം നിഷ്ഫലമാവുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഇതൊക്കെ മറി കടന്ന് സി.ബി.ഐ സത്യം തെളിയിക്കാതിരിക്കില്ല. ഏറ്റുമുട്ടലിനാണ് ഭാവമെങ്കിൽ ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിന് അറിയാമെന്നും സുരേന്ദ്രൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വർണക്കടത്ത് കേസിലും വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിയിലും അന്വേഷണം മുഖ്യമന്ത്റിയിലേക്കും കുടുംബത്തിലേക്കും വരുവെന്ന് ബോദ്ധ്യമായതോടെയാണ് സി.ബി.ഐക്കെതിരെ തിരിഞ്ഞത്.
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് സി.പി.എമ്മിന് സംഭവിച്ച അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ബിനീഷിന്റെ അഴിമതിയുടെ പങ്ക് പറ്റിയതുകൊണ്ടാവാം സി.പി.എം കേന്ദ്ര നേതൃത്വം കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കുന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ശതകോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്.
അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിൽ മുഖ്യമന്ത്റിയോ മന്ത്റിമാരോ പ്രതിപക്ഷ നേതാവോ പ്രതിഷേധിക്കാൻ തയ്യാറായില്ലെന്നും ആദ്ദേഹം കുറ്റപ്പെടുത്തി.