താമരശ്ശേരി: കർഷകർക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ താമരശ്ശേരി പഞ്ചായത്തിലും അനുമതിയായി. വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ കർഷകർക്ക് അനുമതി നൽകികൊണ്ട് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവനാണ് ഉത്തരവിറക്കിയത്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ വെടിവെച്ചു കൊല്ലാൻ അനുവദിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തിയതോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് കഴിഞ്ഞമാസം 12ന് ഫോറസ്റ്റ്, കൃഷി, റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി ചോദിച്ച വ്യക്തികളെ എം. പാനലിൽ ഉൾപ്പെടുത്താൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർഷകർ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഡി.എഫ്.ഒ അനുമതി നൽകിയിരിക്കുന്നത്. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചക്കിട്ടമ്മൽ, വട്ടക്കൊരു, മൂന്നാംതോട്, ചുങ്കം നോർത്ത്, ചുങ്കം സൗത്ത്, വെഴുപ്പൂർ, കയ്യേലിക്കൽ, അമ്പലമുക്ക്, വടക്കെപറമ്പ്, ഓടങ്ങൽ, കൈത്തോട്, കോഴിക്കൽകണ്ടി, ഈർപ്പോണ വട്ടിക്കുന്നാംപൊയിൽ, പൂക്കോട് എന്നിവിടങ്ങളിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കർഷകർക്ക് വെടിവെച്ചു കൊല്ലാനാവും.