kudumbasree

കൽപ്പറ്റ: കരുത്ത് തെളിയിക്കാൻ ജില്ലയിൽ വനിതകളുടെ വിജിലന്റ് ഗ്രൂപ്പിനു തുടക്കമായി. 1038 വനിതകളാണ് കരാട്ടെ ,കളരി, യോഗ അഭ്യസത്തിലൂടെ പ്രഥമ വിജിലന്റ് ഗ്രൂപ്പിൽ പരിശീലനം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്തും, ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും സ്ത്രീ ശിശു സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ചത്. സ്വയംസുരക്ഷയുടെ പാഠങ്ങളാണ് അഭ്യസിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക, അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ നേരിടുന്നവർക്ക് പിന്തുണയും സഹായവും നൽകുക തുടങ്ങിയ കാര്യങ്ങളാണ് അഭ്യസിപ്പിച്ചത്. ആത്മവിശ്വാസം വളർത്തുവാനും സ്വയം മുന്നേറുവാനും പരിശീലനത്തിലൂടെ അഭ്യസിക്കുന്നു.

വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 2 പേർ വീതമാണ് പരിശീലനം പൂർത്തിയാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എം ഷൈജു, കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ വാസു പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.