പുൽപ്പള്ളി: മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് പശു ചത്തതോടെ ഉപജീവന മാർഗ്ഗം ഇല്ലാതായ കുടുംബത്തിന് താങ്ങായി മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ. മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പിലുള്ള ഫാത്തിമയ്ക്ക് അസോസിയേഷൻ പശുവിനെയും കിടാവിനെയും വാങ്ങി നൽകി. ഏതാനും ആഴ്ച മുമ്പാണ് പശു ചത്തത്. ഡോക്ടറുടെ അനാസ്ഥ കാരണമാണ് പശു ചത്തതെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഇവരുടെ ദുരവസ്ഥ അറിഞ്ഞ ക്ഷീര കർഷക സംഘടന സഹായവുമായി രംഗത്ത് വന്നത്. 80,000 രൂപ ചെലവിലാണ് പശുവിനെയും കിടാവിനെയും വാങ്ങി നൽകിയത്. സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത്, ഭാരവാഹികളായ പി.വി മത്തായി, പി.സി അഭിലാഷ്, എം.ആർ ജനകൻ, പി.എം രാജൻ തുടങ്ങിയവർ സംബന്ധിച്ചു. തന്റെ കഷ്ടപ്പാട് കണ്ട് സഹായിച്ച ഫാർമേഴ്സ് അസോസിയേഷന് ഫാത്തിമ നന്ദി പറഞ്ഞു.
പൈപ്പ് പൊട്ടി റോഡ് തകരുന്നു
പുൽപ്പള്ളി: ജലനിധി പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി റോഡ് തകരുന്നു. പുൽപ്പള്ളി കാര്യമ്പാതിക്കുന്നിലാണ് ജലനിധി പദ്ധതിയുടെ പൈപ്പ്‌ലൈൻ പലയിടങ്ങളിലായി പൊട്ടി വെള്ളം പാഴാകുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനാപകടങ്ങളും ഇവിടെ പതിവായി. കഴിഞ്ഞ ആറ് മാസമായി ഇത്തരത്തിൽ വെള്ളം പാഴാകുന്നു. അറ്റകുറ്റ പണികൾ നടത്താൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.
കുരുമുളക് വള്ളികൾ
രോഗം ബാധിച്ച് നശിക്കുന്നു
പുൽപ്പള്ളി: മഴമാറി വെയിൽ തുടങ്ങിയതോടെ കുരുമുളക് വള്ളികൾക്ക് രോഗബാധ പടർന്ന് പിടിക്കുന്നു. മഞ്ഞളിപ്പ് അടക്കമുള്ള രോഗങ്ങളാണ് കൃഷിയെ ബാധിക്കുന്നത്. ചെടിയുടെ വേരുകൾ കാർന്ന് തിന്നുന്ന കീടങ്ങളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. ഇത് ചെടിയെവേഗത്തിൽ ഉണക്കി കളയുന്നു. കുരുമുളക് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ഭൂരിഭാഗവും. രോഗകീടബാധകൾ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. കുരുമുളകിന്റെ വിലയിടിവും തുടരുകയാണ്. ഇതിനിടെയാണ് രോഗകീടബാധകളും വ്യാപകമായിരിക്കുന്നത്. രോഗബാധ പടർന്ന് പിടിച്ചാൽ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ സമ്പദ് ഘടനയേയും പ്രതികൂലമായി ബാധിക്കും.