കോഴിക്കോട്: പുഴയെയും മണ്ണിനെയും മരങ്ങളെയും ചേർത്ത് പിടിച്ച് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ അഞ്ചുവർഷത്തെ ഓർമ്മയ്ക്കായി ഓർമ്മത്തുരുത്തൊരുക്കി. ഭരണസമിതിയിലെ 18 അംഗങ്ങളും പുനൂർ പുഴയോരത്ത് കിഴക്കാൽക്കാവിൽ തൈകൾ നട്ടു. ഓർമ്മത്തുരുത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ മീന അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം റിസോഴ്സ് പേഴ്സൺ എ.രാജേഷ് പദ്ധതി വിശദീകരിച്ചു. പച്ചത്തുരുത്ത് സ്ഥാപിച്ചതിന് കുരുവട്ടുർ പഞ്ചായത്തിനുള്ള അനുമോദന പത്രം പരിസ്ഥിതി പ്രവർത്തകനും പൂനൂർ പുഴ സംരക്ഷണ സമിതി ചെയർമാനുമായ ബാലകൃഷ്ണൻ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ.ലിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷാജികുമാർ, കിഴക്കാൽകാവ് പെര റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളായ പി.ബിജു, ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
വാർഡ് മെമ്പർമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സിന്ദിത,അജിത്ത്, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. നെല്ലി, പൂവരശ്, മണിമരുത്, പേര, മന്ദാരം, ഇലഞ്ഞി, ബദാം, കൂവളം, ലക്ഷ്മി തരു, കൊന്ന തുടങ്ങി 30 ഓളം തൈകളാണ് നട്ടത്. ഓർമ്മത്തുരുത്ത് പദ്ധതിയുടെ സംരക്ഷണം തൊഴിലുറപ്പിനാണ്. വാർഡ് മെമ്പർ കെ.സി ഭാസ്കരൻ സ്വാഗതവും തൊഴിലുറപ്പ് പ്രതിനിധി ബാസിൽ നന്ദിയും പറഞ്ഞു.