ചേളന്നൂർ: കണ്ണങ്കര രാജീവ് ഗാന്ധി കോളനിക്ക് സമീപം പണിത 'സാഫല്യ' ഫ്ലാറ്റുകൾ കാടുകയറി നശിക്കുന്നു. 66 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന ഭവന സമുച്ചയമാണ് പാതിവഴിയിൽ നശിക്കുന്നത്. 5 വർഷമായി അനാഥമായി കിടക്കുന്ന ഫ്ലാറ്റും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണിയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് നിർമ്മിച്ച ഈ ഭവന സമുച്ചയം. നിർമ്മാണം നിലച്ചതോടെ ഫ്ലാറ്റിന് അപേക്ഷ നൽകിയ 66 പേരിൽ പകുതിയോളം പേർ ഗുണഭോക്തൃ വിഹിതം തിരിച്ചു വാങ്ങി കഴിഞ്ഞു. വീടും സ്ഥലവും ഇല്ലാത്തവർക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കും വേണ്ടി ചെറിയ ഗുണഭോക്തൃ വിഹിതം അപേക്ഷകരിൽ നിന്ന് നേരിട്ടും ചാരിറ്റി വഴിയുമാണ് സ്വീകരിച്ചത്. അടിസ്ഥാന സൗകര്യങ്ങളായ വെളളം, കക്കൂസ് എന്നിവ ഒരുക്കേണ്ട ഗ്രാമപഞ്ചായത്ത് തിരിഞ്ഞുനോക്കിയില്ലെന്നാണ് ആക്ഷേപം.വാട്ടർ അതോറിറ്റിയുടെ സേവനം തേടിയില്ലെന്നും പുഴയോരത്തുനിന്ന് വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കിയില്ലെന്ന പരാതിയും ഉണ്ട്. 65 ലക്ഷത്തിലധികം രൂപ മുടക്കി നിർമ്മിച്ച ഫ്ളാറ്റുകൾ പാതിവഴിയിൽ ഉപേക്ഷിച്ചതിനെതിരെ ജനരോഷം ശക്തമായിട്ടുണ്ട്.
''കഴിഞ്ഞ നാലര വർഷമായി ഇടതുപക്ഷം ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് സമിതി തികഞ്ഞ അലംഭാവമാണ് കാട്ടിയത്''. പി.സുരേഷ് കുമാർ, മുൻ വാർഡ് മെമ്പർ
''കുടിവെള്ളത്തിന് അഞ്ച് തവണ ഗ്രൗണ്ട് വാട്ടർ അധികൃതർ പരിശോധിച്ചതാണ്. ജലദൗർലഭ്യവും അടിസ്ഥാന പഠനവും നടത്താതെയാണ് ഫ്ലാറ്റ് നിർമ്മാണം തുടങ്ങിയത്'' -ലീല പുലരി , ചേളന്നൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ.
''ഫ്ളാറ്റുകളിൽ സൗകര്യങ്ങൾ പരിമിതമാണ്. എണ്ണം കുറച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം. ഇരുമുന്നണികളും പാവങ്ങളുടെ കിടപ്പാടമെന്ന സ്വപ്നം തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് ''-. രാമചന്ദ്രൻ പുക്കാട്ട്, കർഷക മോർച്ച മണ്ഡലം ട്രഷറർ.