കൊയിലാണ്ടി: കൊവിഡ് കാലത്തും കൊയിലാണ്ടിയിലെ ഗതാഗതകുരുക്കിന് കുറവില്ല. നഗരം വിട്ടുകിട്ടാൻ മണിക്കൂറുകളോളം റോഡിൽ ഇഴയുകയാണ് വാഹന യാത്രക്കാർ. കൊയിലാണ്ടി അരങ്ങാടത്ത് മുതൽ കൊല്ലം വരെയാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ബസുകൾ കുറഞ്ഞെങ്കിലും ചെറുവാഹനങ്ങൾ നിരത്തിൽ കൂടിയതാണ് കുരുക്ക് മുറുക്കിയതെന്ന് ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർ പറഞ്ഞു. നഗരത്തിന്റെ മോടികൂട്ടൽ പ്രവൃത്തി, കൊയിലാണ്ടി കോടതിക്ക് ചുറ്റുമതിലും കമാനവും നിർമ്മാണം, പുതിയ ബസ്റ്റാന്റിന് കമാനം നിർമ്മാണം, ദേശീയപാതയ്ക്ക് ഇരു വശത്തുമുള്ള ഡ്രൈനേജ് നിർമ്മാണം എന്നിവയെല്ലാം ഒരേസമയമാക്കിയത് നഗരത്തെ ശ്വാസംമുട്ടിക്കുകയാണ്.താലൂക്ക് ആശുപത്രിയുടെ മുൻവശം ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങളും ആംബുലൻസുകളും പാർക്ക് ചെയ്യുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നു.
താലൂക്ക് ആശുപത്രിയിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ രോഗികളുമായി വരുന്ന വാഹനങ്ങൾ ദേശീയപാതയിലാണ് പാർക്ക് ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് ട്രാഫിക് നിയന്ത്രണത്തിന് പൊലീസ് സജീവമായിരുന്നു. എന്നാൽ കൊവിഡ് ഡ്യൂട്ടി വന്നതോടെ പൊലീസുകാർ നിരത്തിൽ കുറവാണ്. റോഡും ഫുട്പാത്തും വാഹനങ്ങൾ കൈയടക്കിയതോടെ കാൽനടയാത്ര ദുഷ്ക്കരമായിട്ടുണ്ട്. ആംബുലൻസുകൾ കുരുക്കിൽപെടുന്നത് പതിവ് കാഴ്ചയാണ്. ഗതാഗതക്കുരുക്ക് കച്ചവടക്കാർക്കും പ്രതിസന്ധിയായി. ഡ്രൈനേജ് നിർമ്മാണം ഇഴയുന്നത് നഗരസഭാ ചെയർമാനെ ബോധിപ്പിച്ചതായി കച്ചവടക്കാർ പറഞ്ഞു. ഗുരുകുലം മുതൽ അരങ്ങാടത്ത് വരെയുള്ള ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.