അമ്പലവയൽ: അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂക്കൾക്കും പച്ചക്കറികൾക്കുമുളള മികവിന്റെ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കാകെ ഉണർവ് പകരാൻ ഈ കേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ അദ്ധ്യക്ഷത വഹിച്ചു.
പച്ചക്കറി കൃഷിയിലും പുഷ്പകൃഷിയിലും മികച്ച സാങ്കേതിക വിദ്യകൾ അവലംബിക്കുന്ന നെതർലാന്റുമായുള്ള സഹകരണത്തിലൂടെ, അത്തരം സാങ്കേതിക വിദ്യകൾ നമ്മുടെ നാട്ടിലെ കർഷകർക്ക് നൽകാൻ ഈ മികവിന്റെ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ കാലാവസ്ഥയും സാങ്കേതിക വശങ്ങളും പരിഗണിച്ചുള്ള പച്ചക്കറി വിളകളും പുഷ്പകൃഷിയുമാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രത്തിൽ നടപ്പാക്കുന്നത്.
ഇന്തോ ഡച്ച് സംയുക്ത പദ്ധതി പ്രകാരം നെതർലാൻഡ് സർക്കാരിന്റെ സാങ്കേതിക സഹായത്തോടെ പച്ചക്കറികളിലും പൂക്കളിലുമുള്ള ഹൈടെക് കൃഷിരീതിയാണ് ഈ കേന്ദ്രംവഴി നടപ്പാക്കുന്നത്. 13 കോടി രൂപയാണ് ചെലവ്. സംസ്ഥാന കൃഷി വകുപ്പിന്റെ ഹോർട്ടികൾച്ചർ മിഷന് കീഴിലാണ് സെന്റർ സ്ഥാപിക്കുന്നത്.
മലനാടൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പച്ചക്കറികൾ, ഓർക്കിഡ്, ഗ്ലാഡിയോലസ്, ജമന്തി, ജർബറ തുടങ്ങിയ പുഷ്പ വിളകൾ, ഭാരതീയ ഡച്ച് മാതൃകയിലുള്ള ഹൈടെക് പോളി ഹൗസുകൾ, ഹൈടെക് നഴ്സറികൾ, വിളവെടുപ്പിനു ശേഷമുള്ള സംഭരണ വിപണന സൗകര്യങ്ങൾ എന്നിവയാണ് കേന്ദ്രത്തിലൂടെ വിഭാവനം ചെയ്യുന്നത്. സംരംഭകർക്കും കർഷകർക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന പരിപാടികളും ലഭ്യമാക്കും.
പച്ചക്കറി പുഷ്പ വിളകളുടെ വിത്തുകളുടെയും തൈകളുടെയും വലിയ തോതിലുള്ള ഉത്പാദനവും വിപണനവും, മാതൃകാ പ്രദർശനത്തോട്ടവും പോളീഹൗസുകളും സജ്ജമാക്കുക, വിളകൾക്ക് നൂതന വിപണന മാർഗ്ഗങ്ങൾ ഒരുക്കുക, പച്ചക്കറി കൃഷിയിലും പുഷ്പ കൃഷിയിലും അന്താരാഷ്ട്ര നിലവാരം കൈവരിക്കുക, വിദേശ ഇനങ്ങൾ ഇറക്കുമതി ചെയ്ത് അവയുടെ നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച് വിപണനം നടത്തുക, സംസ്ഥാനത്തിന് ഗവേഷണ പദ്ധതികൾക്ക് അവസരമൊരുക്കുക തുടങ്ങിയവ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്.
കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ, നെതർലാൻഡ് സെക്രട്ടറി ജനറൽ ജാൻ കീസ് ഗോയറ്റ്, ചീഫ് വിപ്പ് കെ.രാജൻ, എം.വി.ശ്രേയാസ്‌കുമാർ എം.പി, എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, സി.കെ.ശശീന്ദ്രൻ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, നെതർലാന്റ് ഇന്ത്യൻ അംബാസഡർ വേണു രാജമണി, കേരള അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയൻ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബു, ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ കെ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അമ്പലവയലിൽ പച്ചക്കറി പുഷ്പകൃഷി എന്നിവയുടെ മികവിന്റെ കേന്ദ്രം പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി ഓൺ ലൈനിൽ നിർവഹിക്കുന്നു