maoist

കൽപ്പറ്റ: നേതാക്കളും മുൻനിര പ്രവർത്തകരും തുടർച്ചയായെന്നോണം പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയാവുമ്പോഴും തിരിച്ചടിക്കാനാവുന്നില്ലെന്നതിനെച്ചൊല്ലി മാവോയിസ്റ്റുകൾക്കിടയിൽ കടുത്ത അഭിപ്രായഭിന്നതയെന്ന് സൂചന. നേതൃതലത്തിലെ പ്രതിസന്ധിയിൽ പ്രസ്ഥാനത്തിന് ഉൾവലിയേണ്ടി വരികയാണെന്ന വിമർശനത്തിനു ആക്കം കൂടിയിരിക്കുകയാണിപ്പോൾ.

മാവോയിസ്റ്റ് നേതൃനിരയെ ഇല്ലാതാക്കിയാൽ പ്രസ്ഥാനം തകരുമെന്ന കണക്കുകൂട്ടലുകളോടെ തന്നെയാണ് തണ്ടർബോൾട്ടിന്റെ നീക്കം. കേരളത്തിൽ ഇൗ തന്ത്രം ഫലിക്കുന്നുണ്ടെന്ന വിലയിരുത്തലാണ്. തേനി സ്വദേശി വേൽമുരുകനടക്കം അടുത്ത കാലത്തായി എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടും പ്രത്യാക്രമണത്തിന് തുനിഞ്ഞില്ലെന്നത് ശക്തമായ നേതൃനിരയുടെ അഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിലുമുണ്ട്. പ്രതിരോധത്തിലുപരി ആക്രമണശൈലിയിൽ നീങ്ങുമ്പോൾ തന്നെ നിനച്ചിരിക്കാത്ത കോണിൽ നിന്നു തിരിച്ചടിയ്ക്കുള്ള സാദ്ധ്യത തള്ളിക്കളയുന്നുമില്ല സേന.

വയനാട്ടിൽ ഒടുവിൽ രൂപം കൊണ്ട ബാണാസുര ദളത്തിന്റെ മുഖ്യ ചുമതലക്കാരിലൊരാളായിരുന്നു വേൽമുരുകൻ. ആയുധ പരിശീലനത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. വയനാട്ടിൽ തലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനിദളം വിഭജിച്ചാണ് ബാണാസുര ദളത്തിന് രൂപം നൽകിയത്. നാടുകാണിയാണ് മറ്റൊരു ദളം. നേതൃനിരയിലെ പ്രമുഖനായ കുപ്പുദേവരാജ് വെടിയേറ്റ് മരിച്ചിട്ടും തിരിച്ചടിക്കാത്തതിനെതിരെ മാവോയിസ്റ്റുകൾക്കിടയിൽ നേരത്തെ അഭിപ്രായവ്യത്യാസം ഉ‌ടലെടുത്തതാണ്.

കഴിഞ്ഞ ദിവസം ബാണാസുരൻ മലയിൽ വേൽമുരുകൻ കൊല്ലപ്പെട്ടതിന് മുമ്പ് വയനാട്ടിലെ റിസോർട്ടിൽ വെച്ചായിരുന്നു മാവോയിസ്റ്റ് സി.പി ജലീൽ വെടിയേറ്റ് മരിച്ചത്. അതും പൊലീസ് ഭാഷ്യത്തിൽ ഏറ്റുമുട്ടൽ മരണമായിരുന്നു.

ഏറ്റമുട്ടലുകളെന്നു പൊലീസ് പറയുന്നതൊക്കെയും ഏകപക്ഷീയമായ ആക്രമണമായിരുന്നുവെന്ന് മാവോയിസ്റ്റ് കേന്ദ്രങ്ങൾ ആവർത്തിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ വേൽമുരുകനെ വകവരുത്തിയതും ഇതേ അടവ് പ്രയോഗിച്ചാണെന്നും അവർ പറയുന്നു. നിലമ്പൂർ കരുളായിയിൽ നേരത്തെ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് പിൻഭാഗത്ത് നിന്നു വെടിയേറ്റാണ്. ആന്തരികായവങ്ങൾ തകർന്നായിരുന്നു അന്ത്യം. മഞ്ചക്കണ്ടിയിലും വൈത്തിരിയിലും തോണിക്കുഴിയിലും വ്യാജഏറ്റുമുട്ടൽ സൃഷ്ടിക്കുകയായിരുന്നു.

വേൽമുരുകനെ വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ മധുര ബാറിലെ അഭിഭാഷകൻ കൂടിയായ സഹോദരൻ മുരുകേശൻ കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. വേൽമുരുകന്റെ നെഞ്ചിലും വയറ്റത്തും തോളിലും കൈകാലുകളിലും വെടിയേറ്റിട്ടുണ്ട്. ഒരു മനുഷ്യനെ മൃഗീയമായി വെടിവച്ചു കൊന്ന ശേഷം ഏറ്റുമുട്ടലെന്നു സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.