കൊവിഡ് 828; രോഗമുക്തർ 844
കോഴിക്കോട്: മറ്റു ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുമ്പോഴും കോഴിക്കോട്ട് മാറ്റമില്ല. പോസിറ്റിവിറ്റി നിരക്ക് മിക്ക ദിവസവും പത്തിനോടടുപ്പിച്ചും അതിനു മുകളിലുമായി വരികയാണ്. ചികിത്സയിലായിരുന്ന 844 പേർ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.
കഴിഞ്ഞ 24 മണിക്കൂറിൽ 8,702 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ 828 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴിയുള്ള വൈറസ് ബാധ 812 പേർക്കാണ്. 10 പേരുടെ ഉറവിടം വ്യക്തമല്ല. 7 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ അഞ്ചു പേർക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,982 ആയി.
സമ്പർക്കം വഴി ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ്. 248 പേർ. ഇതിൽ നാലു ആരോഗ്യ പ്രവർത്തകർ ഉൾപ്പെടും.
കോർപ്പറേഷനോടു തൊട്ടുകിടക്കുന്ന ഒളവണ്ണ പഞ്ചായത്തിൽ 59 പേരാണ് പോസിറ്റീവായത്. കൊടുവള്ളി നഗരസഭയിൽ 56, ഫറോക്ക് നഗരസഭയിൽ 46 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.