സുൽത്താൻ ബത്തേരി : അന്തർ സംസ്ഥാന പാതയായ ബത്തേരി -പാട്ടവയൽ റോഡിൽ പഴൂരിൽ വനം വകുപ്പ് റോഡിനോട് ചേർന്ന് നിർമ്മിച്ച ജണ്ട പൊളിച്ചുമാറ്റും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വൈൽഡ് ലൈഫ് വാർഡനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പാതയോരത്തോട് ചേർന്ന് നിർമ്മിച്ച ജണ്ട ജനങ്ങൾക്കും വാഹനങ്ങൾക്കും തടസമാകുന്നതിനാൽ ജണ്ടയുടെ നിർമ്മാണ പ്രവർത്തനം ജനങ്ങൾ തടഞ്ഞിരുന്നു. തുടർന്നാണ് പഴൂർ ഫോറസ്റ്റ് ഓഫീസിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വാർഡൻ വിളിച്ചുചേർത്തത്.
പാതയോരത്ത് അപകടകരമാംവിധം ജണ്ട നിർമ്മിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത്തരം നടപടികളിൽ നിന്ന് വനം വകുപ്പ് പിൻമാറമെന്നും രാഷ്ട്രീയപാർട്ടി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങളിലും റോഡിന് തടസ്സം വരുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് വൈൽഡ് ലൈഫ് വാർഡൻ ആസിഫ് ജണ്ട പൊളിച്ചുമാറ്റാമെന്ന് ഉറപ്പ് നൽകിയത്. ചർച്ചയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശിവശങ്കരൻ, മുനീബ്, സുബ്രഹ്മണ്യൻ, എം.എ.സുരേഷ്, സി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ--ചർച്ച
പഴൂർ ഫോറസ്റ്റ് ഓഫീസിൽ നടന്ന ചർച്ച