വിദ്യാഭ്യാസമാണ് ജീവിതത്തിന്റെ അടിത്തറ'. അച്ഛന്റെ ഈ വാക്കുകൾ നെഞ്ചോട് ചേർത്ത് ഉയരങ്ങൾ കീഴടക്കുകയാണ് ക്യാപ്റ്റൻ കെ.കെ ഹരിദാസ്. സ്വാതന്ത്ര്യ സമര സേനാനിയും അദ്ധ്യാപകനുമായിരുന്ന ബാലുശേരി അറപ്പീടിക കേളോത്തുകണ്ടി വി.അച്യുതൻ മാഷിന്റെയും ദേവയാനി ടീച്ചറിന്റെയും അഞ്ചാമത്തെ മകനാണ് ക്യാപ്റ്റൻ കെ.കെ ഹരിദാസ്.
അച്ഛൻ പഠിപ്പിച്ച ശിവപുരം സ്കൂളിൽ നിന്നായിരുന്നു ഹരിദാസിന്റെ വിദ്യാഭ്യാസ തുടക്കം. ബാലുശേരി ഹൈസ്കൂളിലെ പഠന ശേഷം സെന്റ് ജോസഫ് ദേവഗിരി കോളേജിൽ നിന്ന് സയൻസ് ഐശ്ചിക വിഷയമെടുത്ത് ഡോക്ടറാവുക എന്ന ലക്ഷ്യത്തോടെ പഠിക്കുമ്പോണ് നേവൽ എൻ.സി.സി നല്കിയ വെള്ള യൂണിഫോമിനോടുള്ള താൽപ്പര്യം ജനിക്കുന്നത്. അങ്ങനെയാണ് ലോക സഞ്ചാരമെന്ന മോഹത്തോടെ 17ാം വയസിൽ ഇന്ത്യൻ നേവിയിലൂടെ പുതുവഴി തേടുന്നത്.
@ അച്ഛനൊരുക്കിയ വഴിയിലൂടെ
ബാലുശേരിയിലെ പ്രശസ്ത അദ്ധ്യാപകനും നാടിന്റെ ഗുരുനാഥനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ഹരിദാസിന്റെ അച്ഛൻ വി.അച്യുതൻ നായർ. പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിന്റെ സ്ഥാപകരിൽ ഒരാൾ അച്യുതൻ മാഷായിരുന്നു. അമ്മ ദേവയാനി ടീച്ചർ ബാലുശേരി എ.യു.പി സ്കൂൾ അദ്ധ്യാപികയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കെ.കേളപ്പൻ ആരംഭിച്ച സ്വാതന്ത്ര്യ കാഹളം പത്രത്തിന്റെ വിതരണ രംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു അച്യുതൻ നായർ. ആർഭാടമില്ലാതെയാണ് ചെറുപ്പം തൊട്ടേ ഹരിദാസ് വളർന്നത്. സെന്റ് ജോസഫ് ദേവഗിരി കോളേജിൽ നിന്ന് കാമ്പസ് സെലക്ഷനിലൂടെയാണ് നാവിക സേനയിൽ എത്തുന്നത്. 17ാം വയസിൽ ഗോവയിൽ നിന്ന് ട്രെയിനിംഗ് ആരംഭിച്ചു. കമ്മ്യൂണിക്കേഷനിൽ സ്പെഷ്യലൈസേഷനുവേണ്ടി കൊച്ചിയിലെത്തി. വിശാഖപട്ടണം നേവൽ റേഡിയോ സ്റ്റേഷനിൽ നിന്നാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. റഷ്യൻ നിർമ്മിത കപ്പലുകളിൽ പ്രത്യേക പരിശീലനം നേടിയ ഇദ്ദേഹം തന്റെ 15 വർഷം നാവിക സേവനത്തിനിടെ മാലി ദ്വീപ് ഓപ്പറേഷൻ, ശ്രീലങ്കൻ ഓപ്പറേഷൻ, തുടങ്ങി വിവിധ ഓപ്പറേഷനലുകളിൽ പങ്കാളിയായി. ഐക്യരാഷ്ട്ര സൈന്യത്തിന്റെ ഭാഗമായി സൊമാലിയ ഓപ്പറേഷനിലും പങ്കെടുത്തു. ആഴക്കടലിലെ സമുദ്ര സുരക്ഷയും ഒ.എൻ.ജി.സി എണ്ണപാടങ്ങളുടെ സുരക്ഷയും ലക്ഷ്യമാക്കി ഇന്ത്യ ദക്ഷിണ കൊറിയയിൽ നിന്ന് വാങ്ങിയ 7 യുദ്ധകപ്പലുകളുടെ നിർമ്മാണത്തിന് ശേഷം ഏറ്റെടുക്കുന്ന ടീമിലും അംഗമായിരുന്നു. ഇതിന്റെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ, ജപ്പാൻ ഫിലിപ്പൈൻസ്,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. 1995കാലത്ത് മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പടിഞ്ഞാറൻ നാവിക വ്യൂഹത്തിന്റെ കപ്പലുകളിൽ പല ആധുനിക വാർത്താ വിനിമയ സംവിധാനങ്ങളുടെ പരീക്ഷണങ്ങളിൽ പങ്കെടുത്തു. 1997ൽ ചൈന്നെ നാവിക കേന്ദ്രത്തിൽ ശ്രീലങ്കൻ ഓപ്പറേഷന്റെ ഭാഗമായ കമ്മ്യൂണിക്കേഷൻ സെന്ററിൽ നിന്നാണ് സ്വയം വിരമിക്കുന്നത്.
@ ബേപ്പൂർ തുറമുഖത്തെ പ്രശസ്ത കപ്പിത്താനും പൈലറ്റും
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ മുംബയ് തുറമുഖത്തെ പ്രശസ്തമായ ലാൽ ബഹദൂർ ശാസ്ത്രി കോളേജിൽ നിന്ന് നാവിഗേറ്റിംഗ് ഓഫീസറായി പരിശീലനം പൂർത്തികരിച്ച് 1998ൽ ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ ചേർന്നു. ആദ്യ കപ്പൽ സമുദ്ര ഗവേഷണത്തിനായുള്ള ശാസ്ത്രജ്ഞരുടെ കൂടെയായിരുന്നത് വളരെ വിജ്ഞാനപ്രദമായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. പീന്നിട് യാത്രാകപ്പലുകളിലും ഓയിൽ ടാങ്കറുകളിലുമുൾപ്പെടെ ഷിപ്പിംഗ് കോർപ്പറേഷന്റെ പല കപ്പലുകളിലും പ്രവർത്തിച്ചു.
2010ൽ ഷിപ്പിംഗ് കോർപ്പറേഷനിൽ നിന്ന് ദ്വീപ്സേതു എന്ന യാത്രാ കപ്പൽ ലക്ഷദ്വീപ് ഡവലപ്മെന്റ് കോർപ്പറേഷന് വേണ്ടി ഏറ്റെടുത്ത് കൊച്ചിയിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റുകയായിരുന്നു. 2013ൽ ദ്വീപ്സേതുവിന് പകരമായി മിനികോയ് എന്ന ലക്ഷദ്വീപ് യാത്ര കപ്പൽ ബേപ്പൂരിൽ സ്ഥിര കേന്ദ്രമായി മാറ്റിയത് ഇക്കാലത്താണ്. കേരള സർക്കാറിന് വേണ്ടി ഗോവയിൽ 'സൂര്യമുഖി' എന്ന കണ്ടെയ്നർ കപ്പൽ ഏറ്റെടുക്കുന്ന കപ്പിത്താൻ ആയിരുന്നു ഇദ്ദേഹം. 2015ൽ ലക്ഷദ്വീപ് ഭരണകൂടം സർവീസ് നിർത്തിവച്ച ദ്വീപ് സേതു എന്ന കപ്പൽ കേരള സർക്കാറിനെ കൊണ്ട് ട്രെയിനിംഗ് കപ്പലായി വാങ്ങിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പദ്ധതി നടക്കാതെ വന്നതിനെ തുടർന്ന് അതേ വർഷം സ്വന്തമായി ഒരു ഷിപ്പിംഗ് കമ്പനി കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ചു. പിതാവിനോടുള്ള ആദരസുചകമായി വാൻസൺ ഷിപ്പിംഗ് കമ്പനി എന്ന് നാമകരണം ചെയ്തു. തുടർന്ന് ദ്വീപ് സേതു വാങ്ങാനുള്ള കേന്ദ്ര സർക്കാറിന്റെ ലേലത്തിൽ പങ്കെടുത്ത് കപ്പൽ സ്വന്തമാക്കി. പക്ഷേ ലക്ഷദ്വീപ് ഭരണകൂടം ലേലം റദ്ദ് ചെയ്തു. പലതവണ ലേലത്തിൽ പങ്കെടുത്തെങ്കിലും കപ്പൽ സ്വന്തമാക്കാൻ കഴിഞ്ഞില്ല. വർഷങ്ങളോളം കൊച്ചി തുറമുഖത്ത് കിടന്ന് നശിച്ച ഈ കപ്പൽ കേസുകൾക്ക് ശേഷം 2019ൽ പൊളിക്കാൻ ലേലം ചെയ്തു.
@ യാന സുന്ദരി ക്ലിയോപാട്രയുടെ സാരഥി
കേരളത്തിലെ വേഗം കൂടിയ യാത്രാ ഫെറി ബോട്ടാണ് ക്ലിയോപാട്ര. 2018ലാണ് സർവീസ് ആരംഭിക്കുന്നത്. കേരള ഷിപ്പിംഗ് ആൻഡ് ഇലന്റ് നേവിഗേഷൻ കോർപ്പറേഷനിൽ നിന്ന് സ്വന്തം കമ്പനിയായ വാൻസൺ ഷിപ്പിംഗ് ആണ് ക്ലിയോ പാട്ര ഏറ്റെടുക്കുന്നത്. മലബാർ തീരത്തെ പ്രഥമ സമുദ്ര സഞ്ചാര ബോട്ടിന്റെ ക്യാപ്റ്റനായി ഇദ്ദേഹം ചുമതല ഏറ്റെടുത്തു. ബേപ്പൂർ തുറമുഖത്ത് നിന്ന് 130ഒാളം യാത്രക്കാരുമായി വെള്ളയിൽ ബീച്ചിലുള്ള പഴയ കോഴിക്കോട് തുറമുഖം വരെയും തിരിച്ചുമായിരുന്നു സർവീസ്. കടലിലും പുഴയിലും വിനോദ സഞ്ചാരം പ്രോത്സിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്.കോഴിക്കോടിന്റെ ചരിത്ര പ്രഭാഷകൻ കൂടിയാണ് ഹരിദാസ്. കോഴിക്കോടെത്തുന്ന പല പ്രശസ്തത വ്യക്തികൾക്കും കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇദ്ദേഹമാണ് പരിചയപ്പെടുത്താറുള്ളത്. ക്ലിയോപാട്രയുടെ യാത്രയിലും കോഴിക്കോടിന്റെ ചരിത്രം ഈ കപ്പിത്താൻ വിനോദ സഞ്ചാരികൾക്ക് പകർന്നുകൊടുക്കാറുണ്ട്.
പഴയ കോഴിക്കോട് തുറമുഖത്തെ ലൈറ്റ് ഹൗസിന് സമീപമുള്ള മർച്ചന്റ് നേവി ക്ലബ് നവീകരിച്ചത് ഇദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ്. കേരള ലിറ്ററേച്ചർ ഫെസ്റ്രിവലിലെത്തുന്ന മുഖ്യാതിഥികളുടെ പ്രധാന കേന്ദ്രമായി ഇത് മാറി.
@ മറൈൻ ആംബുലൻസ്
2017ൽ മത്സ്യതൊഴിലാളികൾക്ക് കടലിൽ അത്യാഹിതമുണ്ടാവുമ്പോൾ സഹായിക്കാൻ മറൈൻ ആംബുലൻസ് വേണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ട് വയ്ക്കുന്നത് ഇദ്ദേഹമാണ്. കടലിലെ സാഹസിക വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ഈ കപ്പലുകളുടെ പ്രോജക്ട് റിപ്പോർട്ട് കൊയിലാണ്ടി എം.എൽ.എ ദാസൻ മുഖേന ഫിഷറീസ് വകുപ്പിനും മുഖ്യമന്ത്രിയ്ക്കും സമർപ്പിച്ചു. പീന്നിട് സർക്കാർ നേരിട്ട് കൊച്ചിൻ ഷിപ്പിയാഡിൽ മറൈൻ ആംബുലൻസ്
തയ്യാറാക്കി.
@ സ്വപ്ന പദ്ധതികൾ
കേരള തീരത്ത് എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിച്ച് കൊച്ചി വരെ പോകാവുന്ന ആഢംബര കപ്പൽ. മംഗലാപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബേപ്പൂരിലേക്കു് ഓയിൽ ബാർ ജ് സർവീസും കണ്ടെയ്നർ കപ്പൽ സർവീസ് ആരംഭിക്കുക. വിദേശ വിനോദ സഞ്ചാര കപ്പലുകളെ പുറംകടലിലെത്തിച്ച് ചെറിയ ബോട്ടുകളിലായി കോഴിക്കോട് സന്ദർശിക്കാൻ അവസരം നൽകുക. കോഴിക്കോട് പഴയ തുറമുഖത്ത് നിന്ന് വലിയ കടൽപാലം ആഴക്കടലിലേക്ക് പണിത് ആഴക്കടലിൽ ഒരു തുറമുഖം. കണ്ണൂർ മുതൽ പൊന്നാനി വരെ തീരദേശ വിനോദസഞ്ചാര യാത്രകപ്പൽ.
ഇന്റർനാഷണൽ റൂട്ടിലോടുന്ന കപ്പലിലെ സ്റ്റാഫുകൾക്ക് ക്രൂ മാറ്റം ചെയ്യാനുള്ള സംവിധാനം ഒരുക്കുക. അതിനായി ഒരു പ്രത്യേക ക്രൂ ബോട്ട് സജ്ജമാക്കുന്നുണ്ട്.
@ പദവികൾ
കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, റോട്ടറി ഇന്റർനാഷണൽ നിയുക്ത അസി.ഗവർണർ, കോൺഫെഡറേഷൻ ഒഫ് കേരള ടൂറിസം ഇൻഡസ്ട്രി സംസ്ഥാന ജോയിൻ സെക്രട്ടറി, മർച്ചന്റ് നേവി ക്ലബ് മുൻ പ്രസിഡന്റ്, ചേംബർ ഒഫ് കൊമേഴ്സിന്റെ ഷിപ്പിംഗ് തുറമുഖ വികസന സമിതി ഉപദേശകൻ, റോട്ടറി ജില്ലാ യോഗ ആൻഡ് ഹെൽത്ത് കമ്മിറ്റി ചെയർമാൻ.
@ കുടുംബം
ഭാര്യ സുധ. മൂത്ത മകൻ പ്രണയ് എം.എസ്.സി സൈക്കോളജി വിദ്യാർത്ഥിയാണ്. പലാഷ് ദേവഗിരി സി.എം.ഐയിൽ പത്താം ക്ലാസിൽ പഠിക്കുന്നു.