കോഴിക്കോട്: പ്രചാരണ വാഹനത്തിൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന അടിപൊളി പാട്ട്, അതിന്റെ ചുവടുപിടിച്ചുള്ള വോട്ടഭ്യർത്ഥന... ചുവരെഴുത്തുകൾക്കും ഫ്ലക്‌സുകൾക്കും പുറമെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടുന്ന പാരഡി ഗാനങ്ങളുടെ പതിവ് ഇത്തവണയും തെറ്റിയില്ല. പക്ഷേ ഒരു വ്യത്യാസമുണ്ട്, കൊവിഡ് നിയന്ത്രണമുള്ളതിനാൽ മൈക്കില്ല, പകരം വാട്സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമാണ് പ്രചാരണം പൊടി പൊടിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പാരഡി ഗാനങ്ങൾ ചെയ്തു കൊടുക്കുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. രണ്ടാഴ്ച മുന്നേ പാട്ടുകൾ റിക്കോർഡ് ചെയ്ത് നൽകി തുടങ്ങിയതായി ജില്ലയിലെ പാരഡി പാട്ട് സംഘങ്ങൾ പറയുന്നു. ഒരു പാട്ടിന് 2000 രൂപയാണ് ചെലവ്. നേരത്തെ 2500 രൂപ വരെയായിരുന്നു. ഒരു മണിക്കൂർ നീളുന്ന അനൗൺസ്‌മെന്റ് വേണമെങ്കിൽ 1500 രൂപ വേറെ നൽകുകയും വേണം. പാർട്ടി പ്രവർത്തകർ ഇ-മെയിൽ വഴി സ്‌ഥാനാർത്ഥിയുടെ പേരും ചിഹ്നവും വിഷയവും അയയ്ക്കുകയാണ് ചെയ്യുന്നത്.
24 മണിക്കൂറിനുള്ളിൽ പാട്ട് തയ്യാറാക്കി ഇ-മെയിൽ, വാട്സ് ആപ്പ് വഴി സ്‌റ്റുഡിയോയിൽ നിന്ന് തിരികെ അയക്കും. നേട്ടങ്ങൾ കാണിച്ച് ഭരണപക്ഷം പാരഡി പാട്ടുകൾ ഇറക്കുമ്പോൾ, ഭരണത്തിലെ കോട്ടങ്ങൾ ഏറ്റുപിടിച്ചാണ് പ്രതിപക്ഷം മുന്നേറുന്നത്. സ്ഥാനാർത്ഥിയുടെ വാർഡിലെ വിഷയങ്ങൾക്ക് പുറമെ അഴിമതി, വിലക്കയറ്റം തുടങ്ങി ഒട്ടുമിക്ക സമകാലിക വിഷയങ്ങളും പാരഡിക്ക് വിഷയമാകുന്നുണ്ട്. മാപ്പിളപ്പാട്ടുകൾ, നാടൻപാട്ടുകൾ, സിനിമാ ഗാനങ്ങൾ എന്നിവയുടെ ഈണത്തിലാണ് പാരഡി ഗാനങ്ങൾ ഇറക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള പ്രചാരണത്തിന് ഇത്തവണ സാധ്യതയില്ല. അതേസമയം ഓൺലൈൻ പ്രചാരണത്തിനുള്ള തയ്യാറെടുപ്പുകൾ പല പാർട്ടികളും തുടങ്ങിയിട്ടുണ്ട്. വെർച്വൽ റാലികൾ സംഘടിപ്പിച്ചും ഓൺലൈൻ പ്ളാറ്റ്ഫോമിൽ കളംനിറച്ചുമാണ് പ്രചാരണം. നേതാക്കൾ നവമാദ്ധ്യമങ്ങളിൽ സൂം മീറ്റിംഗ് നടത്തുന്നത് എങ്ങനെ, ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ, ഫേസ്‌ബുക്കിലെ ഇടപെടൽ, ട്വിറ്റർ ഉപയോഗിക്കുന്ന രീതി, വാട്സ് ആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യേണ്ട വിധം എന്നിവയ്ക്കെല്ലാം പരിശീലനം നൽകിയിരുന്നു.