സുൽത്താൻ ബത്തേരി: നിർബന്ധിതമായ നീണ്ട അവധിക്കു ശേഷം സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ സ്ഥാനം ടി.എൽ.സാബു ഏറ്റെടുത്തു. രണ്ടുമാസത്തെ ലീവിനുശേഷം വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.
കഴിഞ്ഞ സെപ്തംബർ 7നാണ് സാബു നിർബന്ധിത അവധിയിൽ പ്രവേശിച്ചത്.
ഓഗസ്ത് മാസം അവസാനം ബത്തേരിയിലെ രാജീവ് ഗാന്ധി മിനി ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചെയർമാൻ, സുൽത്താൻ ബത്തേരിയുടെ വികസനം എന്ന വാട്സ് ആപ് കൂട്ടായ്മയെ കന്നുകാലി ഗ്രൂപ്പെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണ പ്രത്യാരോപണങ്ങളിൽ ചെയർമാന്റേതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സഭ്യേതര ശബ്ദസന്ദേശത്തെ തുടർന്ന് നഗരസഭ ചെയർമാൻ സ്ഥാനത്ത് ഇദ്ദേഹത്തെ പിന്തുണയ്ക്കുന്ന സി.പി.എം സാബുവിനോട് അവധിയിൽ പോകാൻ ആവശ്യപ്പടുകയായിരുന്നു. ഇതേതുടർന്നാണ് ടി.എൽ.സാബു രണ്ട് മാസത്തോളം അവധിയിൽ പോയത്. ആദ്യം ഒക്ടോബർ 25 വരെയായിരുന്നു അവധി. അവധി കഴിഞ്ഞ് നഗരസഭയിലെത്തിയ സാബുവിനോട് വീണ്ടും അവധി നീട്ടാൻ സി.പി.എം നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് നവംബർ 5 വരെ അവധി നീട്ടിയത്.
അവധിയിൽ തുടരാൻ സി.പി.എം നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും സാബു അതിന് തയ്യാറാകാതെ ചാർജ്ജ് ഏറ്റെടുക്കുകയായിരുന്നുവെന്നാണ് സൂചന.
കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ വിജയിച്ച കേരള കോൺഗ്രസ് - അംഗമായ ടി.എൽ സാബു, യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും കക്ഷിനില തുല്യമായതോടെ എൽ.ഡി.എഫിനെ പിന്തുണയ്ക്കുകയും നഗരസഭയുടെ ഭരണം എൽ.ഡി.എഫിന് ലഭിക്കുകയുമായിരുന്നു.
സാബുവിന് ഒരു വർഷം ചെയർമാൻ സ്ഥാനം എന്ന കരാർ പ്രകാരമാണ് പിന്തുണ നൽകിയത്.
അതേസമയം കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് ഭരണസമിതിക്ക് നഗരസഭയിൽ നിരവധി വികസന കാര്യങ്ങൾ ചെയ്യാൻ സാധിച്ചതായും നഗരസഭയ്ക്ക് മാധ്യമങ്ങളും ജനങ്ങളും നൽകിയ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായും ചെയർമാന്റെ ചുമതലയേറ്റെടുത്ത സാബു പറഞ്ഞു.
പടം.. റ്റി എൽ
ടി.എൽ.സാബു അവധിക്കു ശേഷം ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾ