സുൽത്താൻ ബത്തേരി: നാലുപതിറ്റാണ്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ സുൽത്താൻ ബത്തേരി നഗരസഭയിലെ ഫെയർലാന്റ് സീകുന്ന് നിവാസികൾക്ക് പട്ടയം ലഭിച്ചുതുടങ്ങി. പ്രദേശത്ത് 230 കുടുംബങ്ങളാണ് പട്ടയം ലഭിക്കാതെ ദുരിതത്തിലായിരുന്നത്. ഇതിൽ 17 കുടുംബങ്ങൾക്കാണ് ഇപ്പോൾ പട്ടയം ലഭിച്ചത്. ഇതിൽ 16 സീകുന്ന് പ്രദേശത്തെ കുടുംബങ്ങൾക്കും ഫെയർലാന്റിലെ ഒരു കുടുംബത്തിനുമാണ് പട്ടയം ലഭിച്ചത്. ബാക്കിവരുന്ന 50 ഓളം കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി മിനിസിവിൽ സ്‌റ്റേഷനിൽ ചേർന്ന അസൈൻമെന്റ് കമ്മറ്റി പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. തുടർന്നുള്ള കുടുംബങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പട്ടയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാലു പതിറ്റാണ്ടായി പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയും അപേക്ഷകൾ നൽകിയും മടുത്ത ഈ കുടുംബങ്ങൾ ഫെയർലാന്റ് സീകുന്ന് പട്ടയ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് സർക്കാർ ഈ കുടുംബങ്ങൾക്ക് പട്ടയം നൽകാൻ ഉത്തരവ് ഇറക്കി. എന്നാൽ പട്ടയം അനുവദിക്കുന്ന കാര്യത്തിൽ ഹൈക്കോടതിയിൽ സ്വകാര്യവ്യക്തി റിട്ട് ഫയൽ ചെയ്തതോടെ നിയമനടപടിയിൽ പെട്ട് മുടങ്ങി. പിന്നീട് ഹൈക്കോടതി കേസ് തള്ളിയെങ്കിലും കുടുംബങ്ങളുടെ വരുമാനം സംബന്ധിച്ച് തർക്കമുണ്ടാവുകയും പട്ടയം അനുവദിക്കുന്നതിൽ കാലതാമസം വരുകയും ചെയ്തതോടെ സംരക്ഷണസമിതി സമരവുമായി രംഗത്തെത്തി. ഇതോടെ വരുമാന പരിധിയില്ലാതെ കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണം എന്ന് സർക്കാർ വീണ്ടും ഉത്തരവ് ഇറക്കി. ഇതോടെയാണ് കുടുംബങ്ങൾ അനുഭവിച്ചിരുന്ന പ്രതിസന്ധിക്ക് വിരാമമായത്.
സുൽത്താൻ ബത്തേരിയിൽ നടന്ന ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എയിൽ നിന്ന് കുടുംബങ്ങൾ പട്ടയം ഏറ്റുവാങ്ങി.
പടം.. പട്ടയം
പട്ടയം ലഭിച്ച സികുന്ന് പ്രദേശത്തെ കുടുംബങ്ങൾ പട്ടയവുമായി സുൽത്താൻ ബത്തേരി മിനിസിവിൽ സ്‌റ്റേഷനുമുന്നിൽ