സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ വന്യമൃഗങ്ങൾക്കായി നിർമ്മിക്കുന്ന അഭയകേന്ദ്രത്തിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റും പ്രായാധിക്യത്താലും ഇരതേടാനും മറ്റും കഴിയാതെ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി ഭീഷണി സൃഷ്ടിക്കുന്ന അപകടകാരികളായ കടുവ പുലി, വൈൽഡ് ഡോഗ് എന്നിവയ്ക്കായാണ് വയനാട് വന്യജീവിസങ്കേതത്തിൽ അനിമൽ ഹോസ്‌പെയ്സ് സെന്റർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഒരുങ്ങുന്നത്.
ഇതിന്റെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞദിവസം ആരംഭിച്ചു. വയനാട് വന്യജീവി സങ്കേതത്തിൽ കുറിച്യാട് റെയിഞ്ചിൽ പെടുന്ന, ബത്തേരി പുൽപ്പള്ളി റോഡിൽ നാലാംമൈൽ ബത്തേരി വടക്കനാട് റോഡിൽ പച്ചാടി എന്നീ സ്ഥലങ്ങൾക്കിടയിലായുള്ള വനംവകുപ്പിന്റെ പെപ്പർ യാർഡിലാണ് അഭയകേന്ദ്രം ഒരുങ്ങുന്നത്. 78 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
വന്യമൃഗങ്ങളെ പാർപ്പിക്കുന്നതിനായി ഹോൾഡിംഗ് റൂം, ഇവയ്ക്ക് വിഹരിക്കുന്നതിനായി ചുറ്റും കമ്പിവേലി കെട്ടിയ പടോക്ക്, ചികിൽസാ മുറി, ജീവനക്കാർക്കുള്ള മുറി എന്നിവയാണ് ഇവിടെ ഒരുക്കുന്നത്.
മൂന്നുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
വയനാട്ടിൽ നിന്ന് പിടിക്കുന്ന കടുവ, പുലി തുടങ്ങിയവയെ വനപ്രദേശത്ത് തുറന്നുവിടുന്നതിനും മൃഗശാലകളിലേക്ക് മാറ്റുന്നതിനും വനംവകുപ്പ് വെല്ലുവിളി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് അഭയം കേന്ദ്രം ഒരുക്കുന്നത്.
പടം... അനിമൽ
വയനാട് വന്യജീവിസങ്കേതത്തിൽ വന്യമൃഗ അഭയകേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ
പ്രതിഷേധവുമായി ഗ്രാമസംരക്ഷണ സമിതി
സുൽ്ത്താൻ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ കുറിച്യാട് റെയിഞ്ചിൽ വനംവകുപ്പ് നിർമ്മിക്കുന്ന വന്യമൃഗ അഭയകേന്ദ്രത്തിനെതിരെ വടക്കനാട് ഗ്രാമ സംരക്ഷണസമതി പ്രതിഷേധവുമായി രംഗത്തെത്തി. സങ്കേതത്തിലെ നാലാംമൈലിൽ വനലക്ഷ്മി പെപ്പർയാർഡിലാണ് യൂണിറ്റ് നിർമ്മിക്കുന്നത്. എന്നാൽ ഇത് ഭാവിയിൽ പ്രദേശവാസികൾക്ക് ഭീഷണിയാകുമെന്നാണ് വടക്കനാട് ഗ്രാമസംരക്ഷണ സമിതി ആരോപിക്കുന്നത്.
കടുവ, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളാൽ ദുരിതമനഭവിക്കുന്ന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാതെ വന്യമൃഗങ്ങൾക്ക് അഭയകേന്ദ്രം ഒരുക്കുന്നത് വയനാടിനെ കടുവ സങ്കേതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് സമിതി പ്രവർത്തകർ ആരോപിച്ചു.
ബത്തേരി വടക്കനാട് റോഡിൽ ജനവാസകേന്ദ്രമായ പച്ചാടിക്ക് സമീപവും പുൽപ്പള്ളി റോഡിൽ നാലാം മൈലിനു സമീപത്തുമായാണ് അഭയകേന്ദ്രം ഒരുങ്ങുന്നത്. ജനവാസകേന്ദ്രത്തിന് സമീപം അഭയകേന്ദ്രം ഒരുക്കുന്നതിൽ വനംവകുപ്പിന്റെ ഗൂഢനീക്കമുണ്ടന്നാണ് സമിതി ആരോപിക്കുന്നത്. വനംവകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രാദേശിക ഭരണകൂടങ്ങളോടോ ജനപ്രതിനിധികളോടോ പ്രദേശവാസികളോടോ കേന്ദ്രത്തിന്റെ പ്രവർത്തനത്തെകുറിച്ച് വ്യക്തമാക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ നിയമപരമായും സമരത്തിലൂടെയും വനംവകുപ്പിനെതിരെ രംഗത്തെത്തുമെന്നും സമിതി ഭാരവാഹികളായ കൈനിക്കൽ ബെന്നി, കെ.ടി കുര്യാക്കോസ്, വി.സി ഷൈൻ എന്നിവർ അറിയിച്ചു.