മുക്കം: കൊവിഡിൽ പ്രയാസമനുഭവിക്കുന്ന അനാഥ ബാല്യങ്ങൾക്ക് ആശ്വാസവുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. പുത്തനുടുപ്പും പുസ്തകങ്ങളും എന്ന പേരിൽ ആരംഭിച്ച പദ്ധതിയിൽ അനാഥാലയങ്ങളിലെ അന്തേവാസികൾക്കാണ് നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സഹായമെത്തിക്കുന്നത്. നവംബർ 14 ന് ശിശുദിനത്തിൽ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സഹായമെത്തിക്കും.പരിശീലനം പൂർത്തിയാക്കി പുറത്തുപോയി പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻ മുൻ കേഡറ്റ് സഫ്‌വാനിൽ നിന്ന് സഹായം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പ്രശോഭ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ സി.കെ. ബുഷ്റ, സ്കൂൾ പ്രിൻസിപ്പാൾ ഡോ.എൻ ഇന്ദു, പ്രധാനാദ്ധ്യാപിക സി.എ.അനിത, ചാർലി തോമസ്, പി.വി.സാദിഖ്, ടി.ടി.ഷാജു, ടോമി ചെറിയാൻ, എം.കെ.യാസർ എന്നിവർ പ്രസംഗിച്ചു.