കോഴിക്കോട്: കൊവിഡിനൊപ്പം തദ്ദേശഭരണ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിയതോടെ പ്രതീക്ഷയുടെ പശയൊരുക്കി കഴിയുകയാണ് ജില്ലയിലെ നൂറോളം വരുന്ന പോസ്റ്റർ ഒട്ടിക്കൽ തൊഴിലാക്കിയവർ. പൊതുപരിപാടികളും സിനിമാശാലകളും അടഞ്ഞുപോയ ഏഴ് മാസം പല തൊഴിലുകൾ ചെയ്തായിരുന്നു ഇക്കൂട്ടരുടെ ജീവിതം. ഭിന്നശേഷിക്കാരും ജന്മനാ ശാരീരിക വൈകല്യമുള്ളവരുമാണ് ഈ രംഗത്ത് തൊഴിലെടുക്കുന്നവരിൽ ഏറെയും. പോസ്റ്ററുകൾ ഒട്ടിക്കുന്നതിന് അനുസരിച്ചായിരുന്നു ഇവർക്കുള്ള പ്രതിഫലം. അമ്പത് സിനിമാ പോസ്റ്ററുകൾ ഒട്ടിച്ചാൽ 250 രൂപ കിട്ടും. രാഷ്ടീയ പാർട്ടികളുടെ പോസ്റ്ററുകൾ ഒട്ടിച്ചാൽ മൂന്നൂറ് രൂപയാണ് ശരാശരി ലഭിക്കുക. പോസ്റ്ററുകളുടെ വലുപ്പമനുസരിച്ച് പ്രതിഫലത്തിൽ നേരിയ വ്യത്യാസമുണ്ടാകും. കൊവിഡ് കാലത്ത് സമരങ്ങളും പ്രതിഷേധങ്ങളും അഞ്ചും ആറും പേരിൽ ഒതുങ്ങിയതോടെ പോസ്റ്രറുകളുടെ പ്രാധാന്യവും കുറഞ്ഞു. ആഘോഷങ്ങളും സമരങ്ങളും ഓൺലൈനിലായതും ഇവർക്ക് തിരിച്ചടിയായി.
പ്ലാസ്റ്റിക് ഫ്ലക്സ് നിരോധിച്ചതോടെ പോസ്റ്റുകൾ വ്യാപകമായത് ഇവരുടെ ജീവിതത്തിലും പച്ചപ്പ് നിറച്ചിരുന്നു. എന്നാൽ കൊവിഡ് വില്ലനായത് എല്ലാം കരിച്ചുകളഞ്ഞു. കൊവിഡ് ഭീതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിറം കുറയുമെങ്കിലും പോസ്റ്റർ പ്രചാരണം കൊഴുക്കുമെന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ.
" അഞ്ച് വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു.കൊവിഡിൽ നഷ്ടപ്പെട്ട വരുമാനം തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തവണ വലിയ പ്രചാരണങ്ങൾ കുറയും. രാഷ്ട്രീയക്കാർ പോസ്റ്റർ പ്രചാരണത്തെ ആശ്രയിക്കാനാണ് സാധ്യത''-.
രവി