കോഴിക്കോട്: അർബുദം ഒരു വേദനയാണ്. പക്ഷെ, തുടക്കത്തിലേ കണ്ടെത്താനും ചികിത്സിക്കാനും സൗകര്യമുള്ളപ്പോൾ എന്തിന് ഭയക്കണമെന്ന ചോദ്യമാണ് മലബാർ ഹോസ്പിറ്റൽ എം.ഡിയും ഗെെനക്കോളജിസ്റ്റുമായ ഡോ. മിലി മണി ഉന്നയിക്കുന്നത്. ആധുനിക കാലത്ത് കാൻസർ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. ഭക്ഷണവും ജീവിതശൈലിയും കാൻസറിനെ പടർന്നുപന്തലിക്കാൻ സഹായിച്ചുവെന്ന് മാത്രം.
രോഗ നിർണയവും ചികിത്സയും വൈകുന്നതാണ് കാൻസർ മരണ നിരക്ക് കൂടാൻ പ്രധാന കാരണം. പ്രാരംഭ ഘട്ടത്തിൽ രോഗം കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റൽ എളുപ്പമാകും.ഇതിനായി കൃത്യമായ ബോധവത്കരണം അനിവാര്യമാണ്. ആരംഭത്തിലുള്ള രോഗനിർണയം കാൻസർ ചികിത്സയിലെ നാഴികക്കല്ലാണെന്ന് പറയാം.നേരത്തെ കണ്ടെത്തുന്ന കാൻസറുകൾ ചികിത്സിച്ച് ഭേദമാക്കൽ എളുപ്പമാക്കും. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന സ്തനാർബുദ നിർണയം പല രീതിയിൽ സാദ്ധ്യമാണ്. സ്വയം പരിശോധന, മാമോഗ്രാം, ബയോപ്സി എന്നിവയെല്ലാം സഹായിക്കും. 40 വയസ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിൽ ഒരിക്കലെങ്കിലും മാമോഗ്രാം നടത്തിയിരിക്കണം.
കുറച്ചുകാലം മുമ്പ് നാൽപ്പത്തഞ്ചിന് മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന സ്തനാർബുദം ഇന്ന് പതിനേഴ് വയസുകാരിലും നിർണയിക്കപ്പെടുന്നു. പാശ്ചാത്യവത്ക്കരിക്കപ്പെട്ട ജീവിത ശൈലികളും കൈവെടിഞ്ഞ നാടൻ ആഹാരരീതികളും കൗമാരക്കാരിലും സ്തനാർബുദം വരാൻ വഴിയൊരുക്കി.
സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള കാൻസറിനെ (20 ശതമാനം) ചെറുക്കാൻ നിലവിൽ വാക്സിൻ സൗകര്യം ലഭ്യമാണ്.
@ കാൻസറിനൊപ്പം ജീവിക്കാൻ പഠിക്കുക
കാൻസർ വന്നാൽ ശാരീരികമായും മാനസികമായും ഉൾക്കൊള്ളാനുള്ള കഴിവ് ഓരോരുത്തരും ആർജ്ജിക്കണം.കാൻസർ രോഗികളെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ഒട്ടും ശരിയല്ല. അതുപോലെ അവരുടെ ആത്മവീര്യം കെടുത്തുന്ന സമീപനവും അരുത്. കാൻസറല്ല അവരെ തളർത്തുന്നത് ചികിത്സയാണെന്ന തിരിച്ചറിവുണ്ടാകണം. കാൻസർ രോഗികൾക്ക് കൗൺസലിംഗ് അത്യാവശ്യമാണ്. പ്രത്യേകിച്ച് കീമോതെറാപ്പി ചെയ്യുന്നവർക്ക്. ഇടയ്ക്കിടെ മാനസികനിലയിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം ആത്മഹത്യ പ്രവണത കാണിക്കുന്നതിനാൽ ഗ്രൂപ്പ് കൗൺസലിംഗ് ഇവർക്ക് ഏറെ ഉപകാരപ്പെടും.
@ വേണം നല്ല ഭക്ഷണശീലവും വ്യായാമവും
ആരോഗ്യകരമായ ഭക്ഷണശീലം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ്. ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും അത്യാവശ്യമാണ്. പച്ചക്കറികളിലെ വിഷാംശം, കായികാധ്വാനമില്ലായ്മ, പുകവലി, അന്തരീക്ഷ മലിനീകരണം, അജിനോമോട്ടോ അടങ്ങിയ ഭക്ഷണം, ജംഗ്ഫുഡ്, കൃത്രിമ വസ്തുക്കളും നിറങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നത്, പ്ലാസ്റ്റിക് കത്തിക്കുന്നത്, എണ്ണയുടെ പുനരുപയോഗം തുടങ്ങിയവയെല്ലാം കാൻസറിന് കാരണമാകുന്നു.
@ തടയാം കാൻസറിനെ
കാൻസറിനെ തടയാൻ എന്തെല്ലാം ചെയ്യാൻ കഴിയും?. പുകയിലയുടേയും അനുബന്ധ ഉത്പ്പന്നങ്ങളുടെയും ഉപയോഗം ആപത്ക്കരമാണെന്ന് ബാല്യത്തിലെ തിരിച്ചറിയണം. നല്ല ഭക്ഷണം, നല്ല വ്യായാമം എന്നിവ ബാല്യം തൊട്ടേ ശീലമാക്കുക.
ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധന രോഗത്തെ ചെറുക്കാൻ സഹായിക്കും. വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. പുരുഷന്മാരിൽ കാണുന്ന കാൻസറിന് 40 ശതമാനവും കാരണം പുകയിലയുടെ ഉപയോഗമാണ്.
വായിലെ കാൻസർ,ശ്വാസകോശ കാൻസർ എന്നിവയ്ക്കെല്ലാം പുകയില കാരണമാകുന്നു. പുകയിലയുണ്ടാക്കുന്ന ആപത്തിനെ കുറിച്ച് ശരിയായ ബോധവത്ക്കരണം വിദ്യാർത്ഥികളിലടക്കം അനിവാര്യമാണ്.
രോഗപ്രതിരോധശേഷി കൂട്ടാൻ ഉചിതമായ മാർഗമാണ് വ്യായാമം.തിരക്കുകൾ ഏറെയുണ്ടെങ്കിലും ദിവസം അരമണിക്കൂർ വ്യായാമത്തിനായി നീക്കിവെക്കണം. ഭക്ഷണത്തിൽ സമീകൃത ആഹാരമാണ് പ്രോത്സാഹിപ്പിക്കേണ്ടത്. വിഷരഹിത പച്ചക്കറികൾ വീടുകളിൽ വളർത്തുന്നതിലൂടെ പുതിയൊരു ഭക്ഷ്യസംസ്ക്കാരം നമുക്ക് വളർത്തിയെടുക്കാൻ കഴിയും. കാൻസറിനെതിരായ ബോധവത്ക്കരണം കുട്ടികളിൽ നിന്ന് തുടങ്ങണം.അതിലൂടെ ഒരുമഹാവിപത്തിനെ ചെറുത്ത് തോൽപ്പിക്കാനുള്ള അടിത്തറയാണ് ഒരുങ്ങുന്നത്.