കോഴിക്കോട്: വീടുകയറി ചായകുടിച്ചുള്ള വോട്ട് പിടിത്തത്തിന് കൊവിഡ് വില്ലനായതോടെ സോഷ്യൽ മീഡിയയിൽ അങ്കം മുറുക്കി രാഷ്ട്രീയക്കാർ. കാലവും ദേശവുമില്ലാതെ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയവയിലെല്ലാം വികസനവും വെല്ലുവിളിയും മിന്നിതെളിയുകയാണ്. സ്ഥാനാർത്ഥികളെ തീരുമാനിക്കും മുമ്പേ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ തലപ്പൊക്കിയിരുന്നു. എന്നാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഇടങ്ങളിലെല്ലാം വെർച്വൽ റാലികളും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തലും ഡിജിറ്റൽ അങ്കത്തട്ടിൽ കച്ചമുറുക്കി കഴിഞ്ഞു.മൈക്ക് കെട്ടി തൊണ്ട പിളർക്കുന്നതിനേക്കാൾ ഫലം ചെയ്യും ഗ്രൂപ്പുകളിലെ ഷെയറിംഗ് എന്നാണ് അണികളുടെ അടക്കംപറച്ചിൽ. ചെലവ് കുറവാണെന്ന് നേതാക്കളും സമ്മതിക്കുന്നു.
ആരോപണങ്ങൾ ഉന്നയിക്കാനും പ്രതിരോധിക്കാനും 'ആസൂത്രിത നീക്ക'മാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. പാർട്ടി നിലപാടുകൾ വിശദീകരിക്കുന്ന കുറിപ്പുകൾ, പോസ്റ്ററുകൾ, വീഡിയോകൾ എന്നിവയെല്ലാം ഗ്രൂപ്പുകളിൽ പറക്കുന്നുണ്ട്. ഓൺലൈൻ പ്രചാരണം ഏകോപിപ്പിക്കാൻ പ്രത്യേക സംഘം തന്നെയുണ്ട് മുന്നണികൾക്ക്. നവമാധ്യമങ്ങളിൽ 'ജാഗ്രത' കാണിക്കാൻ അണികൾക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. ബൂത്ത് തലം വരെ പ്രചാരണം വഴി തെറ്റാതെയെത്താൻ കണ്ണിൽ എണ്ണയൊഴിച്ചിരിക്കുകയാണ് രാഷ്ട്രീയക്കാർ.
" ഫേസ്ബുക്ക് ഉപയോഗിച്ചാണ് ഇപ്പോൾ പ്രചാരണം നടത്തുന്നത്. മുതിർന്ന നേതാക്കൾക്കും അണികൾക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്''- മഹേന്ദ്രൻ (എൽ.ഡി.എഫ് )