election

എൽ.ഡി.എഫ് ഭരിക്കുന്ന കോഴിക്കോട് കോർപറേഷനിൽ ഇത്തവണ വലിയൊരു അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. അംഗബലത്തിൽ ചില ഏറ്റക്കുറച്ചിലുകൾ വന്നേക്കാം. എങ്കിലും എല്ലാവരും ഉറ്റുനോക്കുന്നത് ബി.ജെ.പി നില മെച്ചപ്പെടുത്തുമോ എന്നാണ്.കോഴിക്കോട് കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 2015ലെ തിരഞ്ഞെടുപ്പിൽ ഏഴ് കൗൺസലർമാരെ വിജയിപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞത്. ഇത്തവണ എണ്ണം വർദ്ധിപ്പിക്കാൻ തീവ്ര പരിശ്രമമാണ് പാർട്ടി നടത്തുന്നത്. നഗരസഭയിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായാൽ ക്ഷീണം കോൺഗ്രസിനായിരിക്കും.

ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ സി.പി.എമ്മിനല്ലാതെ മറ്റാർക്കും കടന്നു കയറാൻ കഴിഞ്ഞിട്ടില്ല. സി.പി.എമ്മിന് തടയിടാൻ വെൽഫെയർ പാർട്ടിയുടെ സഹായത്തോടെ അവർ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നേരിയ ഭൂ‌രിക്ഷത്തിന് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് മുസ്ളിം ലീഗ്.

അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങളാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം. അഴിമതിയാണ് യു.ഡി.എഫ് പ്രധാന ചർച്ചാ വിഷയമാക്കുന്നത്. ബി.ജെ.പിയാകട്ടെ വികസന മുരടിപ്പ് ഉയർത്തിക്കാട്ടിയാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്.

ഇരു മുന്നണികളുടെയും സീറ്റ് വിജജന ചർച്ച അന്തിമ ഘട്ടത്തിലാണ്. ഇടതു മുന്നണിയിൽ സി.പി.എമ്മിനാണ് നഷ്ടം. പുതുതായി വന്ന ജനതാദൾ വീരേന്ദ്രകുമാർ വിഭാഗത്തിനും ഐ.എൻ.എല്ലിനും സീറ്റുകൾ നൽകുന്നത് സ്വന്തം അക്കൗണ്ടിൽ നിന്നാണ്. അതേസമയം, യു.ഡി.എഫിൽ വെൽഫെയർ പാർട്ടിക്ക് സീറ്റുകൾ നൽകുന്നത് ലീഗിന്റെ അക്കൗണ്ടിൽ നിന്നും

മേയർ സ്ഥാനം വനിതാസംവരണമായനിനാൽ ഇപ്പോഴത്തെ മേയർ തോട്ടത്തിൽ രവീന്ദ്രൻ മത്സര രംഗത്തില്ല. രണ്ടോ മൂന്നോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും മത്സരിക്കില്ല. പകരം പുതുമുഖങ്ങൾക്ക് അവസരം നൽകും.

മേയർ സ്ഥാനാർത്ഥികൾ

ഇടതു മുന്നണി എൻ.ജി.ഒ യൂണിയൻ മുൻ നേതാവ് സുജാത കൂടത്തിങ്കൽ, ബീന ഫിലിപ്പ്, ഉഷാദേവി എന്നിവരുടെയും യു.ഡി.എഫിൽ വിദ്യാ ബാലകൃഷ്ണൻ, ഉഷാദേവി എന്നിവരുടെയും പേരുകളാണ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.

കക്ഷി നില

ആകെ സീറ്റ് 75

ഇടത് മുന്നണി 50

സി.പി.എം 44

സി.പി.ഐ 1

ജനതാദൾ 3

എൻ.സി.പി 2

യു. ഡി. എഫ് 18

കോൺഗ്രസ് 10

മുസ്ളിം ലീഗ് 8

ബി.ജെ.പി 7