കോഴിക്കോട്: ജിംനേഷ്യം തുറന്നെങ്കിലും കൊവിഡിനെ ഭയന്ന് സൈക്കിളിലാണ് പലരുടെയും ഫിറ്റ്നസ് സവാരി. ജില്ലയിലെ റോഡുകളിലും ഇടവഴികളിലും സവാരിക്കാരുടെ സാന്നിദ്ധ്യം സ്ഥിരം കാഴ്ചയാണ്. ഉല്ലാസത്തിനൊപ്പം മാനസിക സംഘർഷം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും സൈക്കിളിംഗ് 'ഒറ്റമൂലി'യാണെന്ന അറിവാണ് ആളുകളെ സൈക്കിൾ യാത്രയിലേക്ക് ആകർഷിക്കുന്നത്. പ്രഭാതത്തിലും സായാഹ്നത്തിലും വീട്ടു പരിസരത്തും തിരക്കൊഴിഞ്ഞ റോഡുകളിലും കിലോമീറ്റുകളോളം സൈക്കിൾ സവാരി നടത്തുന്നവർ നിരവധിയാണ്. സൈക്കിളിൽ മുപ്പതും നാൽപ്പതും കിലോമീറ്റർ യാത്ര ചെയ്ത് ഓഫീസുകളിലെത്തുന്നവരും ജില്ലയിലുണ്ട്. യുവാക്കൾക്കിടയിലാണ് സൈക്കിൾ കമ്പം കൂടുതൽ. താങ്ങാൻ പറ്റുന്ന വിലയിൽ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്ര ചെയ്യാമെന്ന സൗകര്യമാണ് സൈക്കിൾ സവാരിയിലെ മെച്ചമായി കാണുന്നത്. ഒപ്പം ആരോഗ്യവും മെച്ചപ്പെടും. കൊവിഡ് ഭീതിയിൽ പൊതുഗതാഗതം ഉപയോഗിക്കാൻ മടിയുള്ളവരും സൈക്കിളിലേക്ക് തിരിഞ്ഞിട്ടുണ്ട്. സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ സൈക്ലിംഗ് അസോസിയേഷനും നിരവധി റൈഡേഴ്‌സ് ക്ലബുകളും സജീവമാണ്.കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ജില്ലയിൽ സൈക്കിൾ സവാരിയോട് പ്രിയം കൂടിയത്. കൊവിഡ് കാലത്തോടെ അത് ഇരട്ടിയായി. സൈക്കിൾ ചവിട്ടെന്നത് 'കൊഴുപ്പുരുക്കൽ' കൂടിയായതോടെ സൈക്കിൾ വിപണിയും ഉണർന്നിട്ടുണ്ട്. മൗണ്ടൻ ബൈക്കുകളും ഹൈബ്റിഡ് ഇനം സൈക്കിളുകളും റോഡ് ഇനം സൈക്കിളുകളുമാണ് ആളുകൾ കൂടുതലായും വാങ്ങുന്നത്.
"സെെക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. കൂടുതലും ദീർഘദൂര യാത്രയാണ്. കാലിക്കറ്റ് മുതൽ ഉൗട്ടി വരെയുള്ള റെെഡ് അത്തരത്തിലൊന്നാണ്. നിരവധി സെെക്കിൾ ചാലഞ്ചും സംഘടിപ്പിക്കാറുണ്ട് "-ഹർഷാദ്, പ്രസിഡന്റ്, കാലിക്കറ്റ് പെഡലേഴ്സ് അസോസിയേഷൻ .
" കോഴിക്കോട് പ്രവർത്തിക്കുന്ന എല്ലാ ക്ലബ്ബുകളിലും രാവിലെ സെെക്കിൾ യാത്ര ചെയ്യാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കൂടാതെ സ്പോർട്സ് കൗൺസിൽ അനുവദിച്ച 6 സെെക്കിളുകൾ ക്ലബ്ബുകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. താമരശ്ശേരി ഈങ്ങാപ്പുഴയിൽ ആരംഭിച്ച സ്പോട്സ് അക്കാഡമി ദിവസവും രാവിലെ സെെക്കിളിൽ ചുരം വരെ പോയി തിരിച്ചു വരുന്ന പരിപാടി തുടങ്ങിയിട്ടുണ്ട് " -ടി.എം അബ്ദുറഹിമാൻ, സെക്രട്ടറി, കോഴിക്കോട് സൈക്കിളിംഗ് അസോസിയേഷൻ.