കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയിലുള്ളവരും ദീർഘകാലം ഐ.സി.യു വാസം ആവശ്യമുള്ളവരുമായ രോഗികൾക്ക് കോഴിക്കോട് ആസ്റ്റർ മിംസ് നടപ്പിലാക്കിയ ഐ.സി.യു അറ്റ് ഹോം പദ്ധതി ശ്രദ്ധേയമാകുന്നു. ഇന്ത്യയിലാദ്യമായാണ് രോഗിയുടെ വീട്ടിൽ ഐ.സി.യു സജ്ജീകരിക്കുന്ന പദ്ധതി ആരംഭിച്ചത്. ചെലവ് കുറവാണെന്നത് ഐ.സി.യു അറ്റ് ഹോം പദ്ധതിയെ കൂടുതൽ സ്വീകാര്യമാക്കുന്നു.നിലവിൽ 20ലധികം വീടുകളിൽ ഐ.സി.യു സജ്ജീകരിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. മഹേഷ് കുമാർ പറഞ്ഞു. കൊവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ വീട്ടിൽ ലഭിക്കുന്ന സുരക്ഷ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഹോം ഐ.സി.യു സജ്ജീകരിക്കുന്നതിലൂടെ രോഗിയും രോഗിയുടെ വീട്ടുകാരും കൊവിഡ് ഭീഷണിയിൽ നിന്ന് സുരക്ഷിതരായിരിക്കുമെന്ന് ആസ്റ്റർ മിംസ് സി.ഇ.ഒ ഫർഹാൻ യാസിൻ പറഞ്ഞു.