കൽപ്പറ്റയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന് 50 ലക്ഷം

കുരിച്ച്യർമല ഗവ.എൽ.പി സ്‌കൂളിന് സ്ഥലം വാങ്ങാൻ 58 ലക്ഷം

മുണ്ടക്കൈ പാലത്തിന് 3.75 കോടി

കൽപ്പറ്റ: കൽപ്പറ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സർക്കാർ 15.53 കോടി രൂപയുടെ ഭരണാനുമതി നൽകി. 2018 ലെ പ്രളയത്തിൽ തകർന്ന പൊഴുതന പഞ്ചായത്തിലെ കുറിച്ച്യർമല സ്‌കൂളിന് സ്ഥലം വാങ്ങുന്നതിന് 58 ലക്ഷം, 2020 ലെ പ്രളയത്തിൽ ഒലിച്ചുപോയ മുണ്ടക്കൈ പാലത്തിന് 3.75 കോടി, കൽപ്പറ്റയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ ആരംഭിക്കാൻ 50 ലക്ഷം, മേപ്പാടി ബൈപ്പാസിന് 5 കോടി, തരിയോട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് 50 ലക്ഷം, മുണ്ടക്കൈ-പുഞ്ചിരിമട്ടം എട്ടാം നമ്പർ റോഡിന് ഒരു കോടി, പഴയ വൈത്തിരി ചാരിറ്റി പാലത്തിനായി 50 ലക്ഷം, മുട്ടിൽ പഞ്ചായത്തിലെ പാക്കം കവല -ചീപ്രം-മുരണിക്കുന്ന് റോഡിന് 20 ലക്ഷം, പടിഞ്ഞാറത്തറ പഞ്ചായത്തിലെ പഴക്കാകഴനി-പാണ്ടൻകോട് റോഡിന് 30 ലക്ഷം, വെങ്ങപ്പള്ളി ലക്ഷംവീട് കോളനി പുനരധിവാസത്തിന് 50 ലക്ഷം, മുപ്പൈനാട് പഞ്ചായത്തിലെ നെടുംകരണ-പുല്ലൂർകുന്ന് റോഡിന് 10 ലക്ഷം, മീൻമുട്ടി ടൂറിസം സെന്റർ റോഡിന് 10 ലക്ഷം, പൊഴുതന പഞ്ചായത്തിലെ മൈലുംപാത്തി റോഡ് ടാറിംഗ്, സൈഡ് സംരക്ഷണം എന്നീ പ്രവൃത്തികൾക്ക് 50 ലക്ഷം, മുട്ടിൽ പഞ്ചായത്തിലെ പരിയാരം-മുണ്ടക്കുറ്റി-മടക്കിമല കനാൽ റോഡിന് 20 ലക്ഷം, കോട്ടത്തറ പഞ്ചായത്തിലെ കുറുമണി -നെല്ലിക്കൽപ്പടി -മെച്ചന റോഡിന് 20 ലക്ഷം, കൽപ്പറ്റ നഗരസഭയിൽ ഡി പോൾ സ്‌കൂളിന് സമീപം പാലത്തിന് സമാന്തരമായി നടപ്പാത നിർമ്മിക്കാൻ 15 ലക്ഷം, മേപ്പാടി പഞ്ചായത്തിലെ 2020 ലെ പ്രളയത്തിൽ തകർന്ന പുത്തുമല എൽ.പി സ്‌കൂൾ റോഡിന് 15 ലക്ഷം, കൽപ്പറ്റ ടൌണിൽ പിണങ്ങോട് ജംഗ്ഷനിൽ ട്രാഫിക് ഐലന്റ് നിർമ്മിക്കുവാൻ 20 ലക്ഷം, കണിയാമ്പറ്റ പഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട് -പാടിക്കരപ്പാലം നിർമ്മിക്കാൻ 40 ലക്ഷം, കോട്ടത്തറ പഞ്ചായത്തിൽ ചീരകത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് 70 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

തദ്ദേശസ്വയംഭരണ (ഇഡബ്ല്യു ബി) വകുപ്പിന്റെ നവം. 4 ലെ ഉത്തരവ് പ്രകാരമാണ് 15.53 കോടി രൂപയുടെ ഭരണനാനുമതി ലഭിച്ചത്.

കൽപ്പറ്റയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിനു തുക അനുവദിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയ്ക്ക് മുതൽക്കൂട്ടാവുമെന്നും കൽപ്പറ്റ മണ്ഡലത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും വികസനപ്രവർത്തങ്ങളാണ് കഴിഞ്ഞ നാലര വർഷം കൊണ്ടുണ്ടായതെന്നും സി കെ ശശീന്ദ്രൻ എം എൽ എ പറഞ്ഞു.

സർക്കാരിനെ അഭിനന്ദിച്ചു.

കൽപ്പറ്റയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന് 50 ലക്ഷം രൂപ അനുവദിച്ചതും കൽപ്പറ്റ ഗവ.കോളേജിൽ എം എ വേൾഡ് ഹിസ്റ്ററി, മുട്ടിൽ ഡബ്ളിയു.എം.ഒ കോളേജിൽ എം എസ്‌സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകൾ അനുവദിച്ചതിനും സർക്കാരിന് അഭിനന്ദനം അറിയിക്കുന്നതായി സി.കെ.ശശീന്ദ്രൻ എം.എൽ.എ. ജില്ലയിൽ നിന്ന് ഒട്ടനവധി വിദ്യാർഥികൾ സിവിൽ സർവീസ് മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്നും അവർക്ക് ജില്ലയിൽ തന്നെ ഒരു കോച്ചിംഗ് സെന്റർ ഉണ്ടാകുന്നത് വലിയ ഗുണകരമാവുമെന്നും എം.എൽ.എ പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് ജില്ലയ് മുതൽക്കൂട്ടാവുന്നതാണ് പുതിയതായി അനുവദിച്ച കോഴ്സുകളെന്നും അദ്ദേഹം പറഞ്ഞു.