kunnamangalam-news
വാർഡ്മെമ്പർ എം ബാബുമോൻ വിശിഷ്ട വ്യക്തികളെ ഉപഹാരം നൽകി ആദരിക്കുന്നു

കുന്ദമംഗലം: നാടിന്റെ വികസനത്തിനൊപ്പം നിന്നവരെ ആദരിച്ച് വാർഡ് മെമ്പറുടെ വിടവാങ്ങൽ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡ് മെമ്പർ എം.ബാബുമോനാണ് വാർഡിലെ വിവിധ മേഖലയിൽ വ്യക്തിമുദ്ര ചാർത്തിയ വ്യക്തികൾക്ക് ഉപഹാരം നൽകി പിന്നെയും താരമായത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയും ലോക്ക്ഡൗൺ സമയത്ത് വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണക്കിറ്റ് നൽകിയും ദേശീയപാതയിലെ ഓവുചാൽ ശുചീകരിച്ചുമൊക്കെ ബാബുമോൻ ചരിത്രം കുറിച്ചിരുന്നു. ആരെയും അമ്പരപ്പിക്കുന്ന വികസന മുന്നേറ്റത്തിന് നായകത്വം വഹിച്ച മെമ്പർക്ക് വാർഡ് ഒന്നാകെ രാഷ്ട്രീയം മറന്നായിരുന്നു യാത്രയയപ്പ് നൽകിയത്. വാർഡ് സ്ത്രീ സംവരണമായതിനാൽ ഇത്തവണ ബാബുമോൻ മത്സരത്തിനില്ല. വികസനസമിതി അംഗങ്ങൾ, ആർ.ആർ.ടി വോളണ്ടിയർമാർ, കുടുംബശ്രീ - തൊഴിലുറപ്പ് അംഗങ്ങൾ, ആശാ വർക്കേഴ്സ്, അംഗനവാടി ടീച്ചേഴ്സ്,മെഹന്തി സ്റ്റേറ്റ് വിന്നർ, എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. 'സുകൃതം 2020' എന്ന പേരിൽ നടന്ന വിടവാങ്ങൽ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. എം.ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. ഒ. ഉസൈൻ, ബാബുനെല്ലൂളി, ടി .പി നിധീഷ്, അരിയിൽ അലവി, ഒ.സലീം, കോണിക്കൽ സുബ്രഹ്മണ്യൻ, ടി.മൊയ്‌തീൻ, പി.എൻ.ശശിധരൻ മാസ്റ്റർ, എ.പി.വിജയൻ, ഒ.എം.റഷീദ്, എം.വി. റഫീഖ് , ബാബു കൊടമ്പാട്ടിൽ, കെ .കെ. ഷംസു, ഫാത്തിമ ജെസ്ലിൻ, പി .അർഷാദ്, കെ .കെ ഫാഹിത, ബിജു കീപ്പോട്ടിൽ എന്നിവർ പ്രസംഗിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ. കെ ഷമീൽ സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു.