കോഴിക്കോട്: നേപ്പാളി ബാലികയെ ക്രൂരമായി പീഡനത്തിനിരയാക്കിയ കേസ്ൽ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷന്റെ മുകൾനിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സാരമല്ലാത്ത പരിക്കുകളോടെ യുവാവിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലുശ്ശേരിക്കടുത്ത് ഏകരൂരിൽ നേപ്പാളി കുടുംബത്തിലെ ആറു വയസുകാരിയെ പീഡിപ്പിച്ച ഉണ്ണികുളം നെല്ലിപ്പറമ്പിൽ രതീഷിനെ (32) കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷന്റെ മുകൾനിലയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥർ പതിനൊന്നരയോടെ മടങ്ങാൻ നോക്കുന്നതിനിടെ പെട്ടെന്ന് കോണിപ്പടിയിൽ നിന്ന് താഴേക്കു ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു പ്രതി. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പോക്സോ പ്രകാരമുള്ള കേസിന് പുറമെ ആത്മഹത്യാശ്രമത്തിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.
രാത്രി പലയിടത്തും ഒളിഞ്ഞുനോട്ടത്തിനെത്തുന്ന ശീലമുള്ള പ്രതി നേപ്പാളി കുടുംബത്തിന്റെ വീട്ടിലേക്ക് പതിവുമട്ടിൽ രാത്രി പത്തര കഴിഞ്ഞതോടെ എത്തിയതായിരുന്നു. അകത്ത് ബാലികയും താഴെയുള്ള രണ്ടു ആൺകുട്ടികളും മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിയ യുവാവ് അടച്ചുറപ്പില്ലാത്ത വീട്ടിൽ കടന്നുകയറി ബാലികയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാലികയുടെയും മറ്റു രണ്ടു കുട്ടികളുടെയും കരച്ചിൽ അയൽപക്കക്കാർ കേട്ടിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല. കുട്ടികളുടെ അച്ഛൻ മദ്യപിച്ച് ബഹളം വയ്ക്കുമ്പോഴുണ്ടാവാറുള്ള കരച്ചിലാണെന്നാണ് അവർ കരുതിയത്. ഇയാൾ കൂട്ടുകാരനൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നേരത്തെ ഭാര്യ ഇറങ്ങിപ്പോയതായിരുന്നു. രാത്രി പത്തരയോടെ കുട്ടികളെ തനിച്ചാക്കി ഇയാൾ ഭാര്യയെ അന്വേഷിച്ച് പുറത്തേക്ക് പോയി. 11 മണിയോടെ ഭാര്യയെയും കൂട്ടി തിരിച്ചെത്തിയപ്പോഴാണ് മുറിവുകളിൽ നിന്ന് രക്തം വാർന്ന് അബോധാവസ്ഥയിൽ മകളെ കണ്ടെത്തിയത്.മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയയായ ബാലിക അപകടനില തരണം ചെയ്തെങ്കിലും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല.