സുൽത്താൻ ബത്തേരി: മൂന്ന് തവണ മൽസരിച്ചവർ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കരുതെന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്റെ ആവശ്യം മൽസരാർത്ഥികൾ അംഗീകരിക്കുമോ എന്ന കാര്യത്തിൽ സംശയം. ബ്ലോക്ക്, ഗ്രാമ, ജില്ലാപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മൽസരിക്കുന്നതിനായി എത്തിയവരുടെ ലിസ്റ്റ് പരിശോധിക്കുമ്പോഴാണ് നേതൃത്വത്തിന്റെ വാക്ക് അംഗീകരിക്കുന്നില്ലെന്ന വസ്തുത വ്യക്തമാകുന്നത്.
മൂന്ന് തവണ മൽസരിച്ച പലരും ഇതിനകം സ്ഥാനാർത്ഥി പട്ടികയിൽ കയറിക്കൂടി കഴിഞ്ഞു.

നേതൃത്വത്തിന്റെ തീരുമാനം മറികടക്കുന്നതിനായി ഉയർത്തുന്ന കാരണങ്ങൾ പലരും ചെറുപ്പമാണെന്നതാണ്. ഭരണ പരിചയം ഉള്ളവർ അധികാരത്തിൽ വന്നില്ലെങ്കിൽ ഭരണം പരാജയമായിരിക്കും എന്ന വാദഗതിയുമുണ്ട്.
നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി വീണ്ടും മൽസര രംഗത്ത് ഇറങ്ങിയവർ പ്രാദേശിക ജില്ലാ നേതാക്കളുടെ കത്ത് സഹിതം മൽസരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിച്ചുകൊണ്ട് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്.

എന്നാൽ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ച് മൂന്ന് പ്രാവശ്യം മൽസരിച്ചവർ മാറി നിൽക്കണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. പുതിയ ആളുകൾക്ക് അവസരം നൽകിയില്ലെങ്കിൽ ഒരു രണ്ടാംനിര പ്രവർത്തകർ പാർട്ടിക്ക് ഉണ്ടാകുകയില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്. അതേസമയം തുടർച്ചയായി മൽസര രംഗത്ത് നിൽക്കുന്നവർ സുപരിചിതരായിരിക്കും അതിനാൽ ആരെയും പരിചയപെടുത്തേണ്ട ആവശ്യമുണ്ടാകുകയില്ലെന്ന വാദവും ഉയരുന്നുണ്ട്.
സീറ്റ് പ്രതീക്ഷിച്ച പലർക്കും സീറ്റ് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രതികരണമാണ് നേതൃത്വം മുന്നോട്ട് വെച്ച കാര്യം എടുത്തിട്ട് പ്രവർത്തകർക്കിടയിൽ ആശയകുഴപ്പം ഉണ്ടാക്കുന്നതെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. എന്നാൽ തുടർച്ചയായി മൽസരിക്കുന്നതിനെതിരെ അപസ്വരങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച് വ്യക്തത വരുത്തുമെന്നാണ് സൂചന.