welfare-party-

മുക്കം: കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളും പി.കെ.കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കളും ആവർത്തിച്ച് നൽകിയ ഉറപ്പിന് കടകവിരുദ്ധമായി മുക്കത്ത് യു.ഡി എഫ് - വെൽഫെയർ പാർട്ടി സഖ്യം മറനീക്കി പുറത്തു വന്നു. യു.ഡി.എഫിലെ സീറ്റുവിഭജനം പൂർത്തിയാക്കിയത് അറിയിക്കാൻ ഒരുക്കിയ വാർത്താസമ്മേളനത്തിൽ നേതാക്കൾക്ക് ഇക്കാര്യം സമ്മതിക്കേണ്ടി വന്നു.

മുക്കം നഗരസഭയിൽ ജമാഅത്തെ ഇസ്ലാമിയ്ക്ക് സ്വാധീനമുള്ള ചേന്ദമംഗല്ലൂർ മേഖലയിൽ നാലു സീറ്റുകളാണ് യു.ഡി.എഫ് വെൽഫെയർ പാർട്ടിയ്ക്ക് അനുവദിച്ചത്. ആകെയുള്ള 33 സീറ്റിൽ 18-ൽ കോൺഗ്രസും 11- ൽ മുസ്ലിം ലീഗുമാണ് മത്സരിക്കുന്നത്. 18,19,20, 21 എന്നീ നാലു ഡിവിഷനിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. ഇതിന്റെ പേരിൽ മുന്നണിയിൽ പ്രശ്നങ്ങളുണ്ടെങ്കിലും അവ പരിഹരിച്ച് മുന്നോട്ട് പോകും. ചേന്ദമംഗല്ലൂർ മേഖലയിലെ പ്രതിഷേധം കാര്യമാക്കുന്നില്ല. മുന്നണിയുടെ നിലപാടിനെതിരെ ആര് നിലപാട് സ്വീകരിച്ചാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് ടി.ടി സുലൈമാൻ, മുസ്ലിംലീഗ് പ്രസിഡന്റ് ദാവൂദ് മുത്താലം, മറ്റു നേതാക്കളായ ഒ.കെ ബൈജു, വേണു കല്ലുരുട്ടി എന്നിവർ സംബന്ധിച്ചു.