മുക്കം: വെൽഫെയർ പാർട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെ ചൊല്ലി യു.ഡി.എഫിൽ വൻപ്രതിഷേധം. ഈ ധാരണ ഉൾക്കൊള്ളാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ചേന്ദമംഗല്ലൂർ മേഖലയിലെ പ്രതിഷേധക്കാർ.

വർഗീയ നിലപാട് പിന്തുടരുന്ന കക്ഷി എന്ന നിലയിൽ വെൽഫെയർ പാർട്ടിയെ ഇന്നലെ വരെ എതിർത്ത ശേഷം ഇന്നിപ്പോൾ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളതെന്ന ചോദ്യമാണ് ഇവരുടേത്. നേതൃത്വത്തിന്റെ നിലപാടിനെതിരെ വിവിധ പാർട്ടികളിലുള്ളവരെ ഉൾപ്പെടുത്തി ജനകീയ മുന്നണി രൂപീകരിച്ച് മത്സരരംഗത്തിറങ്ങാനാണ് കോൺഗ്രസ്, ലീഗ് പ്രവർത്തകരുടെ തീരുമാനം. വെൽഫെയർ പാർട്ടി മത്സരിക്കുന്ന 18, 19, 20, 21 ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിറുത്തും. ഇതിന് ഇടതുമുന്നണിയുടെ പിന്തുണയും ഉറപ്പാക്കി കഴിഞ്ഞു.

ചേന്ദമംഗല്ലൂരിന്റെ അയൽപ്രദേശമായ കൊടിയത്തൂരിലും യു.ഡി. എഫ് - വെൽഫെയർ പാർട്ടി സഖ്യം മുന്നണിയിൽ ആഭ്യന്തര കുഴപ്പത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. കൊടിയത്തൂർ പഞ്ചായത്തിലെ 1, 16 വാർഡുകൾ വെൽഫെയർ പാർട്ടിയ്ക്ക് നൽകാനാണ് അണിയറ നീക്കം. മുസ്ലിം ലീഗിന് നിർണായക സ്വാധീനമുള്ള ഒന്നാം വാർഡിൽ വെൽഫെയർ പാർട്ടി താരതമ്യേന ദുർബലമാണ്. ഈ വാർഡ് അങ്ങനെ വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം അണികൾ. പുതിയ സഖ്യം യു.ഡി.എഫിനെ തിരിഞ്ഞുകുത്തുമെന്നും ഇവർ പറയുന്നു.