മുക്കം: മുക്കം നഗരസഭയിലെ വിവിധ വാർഡുകളിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതായി യു.ഡി.എഫിന്റെ ആരോപണം. ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വ്യാജരേഖകൾ ഉപയോഗിച്ചുമാണ് കള്ളവോട്ട് ചേർക്കുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മിന് സ്വാധീനമുള്ള ഡിവിഷനുകളിൽ നിന്നും ജയ സാദ്ധ്യതയില്ലാത്ത ഡിവിഷനുകളിൽ നിന്നും മറ്റ് ഡിവിഷനുകളിലേക്ക് പാർട്ടി വോട്ടുകൾ മാറ്റുന്നുവെന്നാണ് ആരോപണം. മാങ്ങാപൊയിൽ ഡിവിഷനിലേക്ക് തൂങ്ങാംപുറം, പൂളപ്പൊയിൽ ഡിവിഷനുകളിൽ നിന്ന് 55 വോട്ടുകൾ മാറ്റിച്ചേർത്തെന്നും ഇവരുടെ പേരുകൾ രണ്ട് ഡിവിഷനുകളിലെ വോട്ടർ പട്ടികയിൽ ഉണ്ടെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾക്ക് മുക്കം നഗരസഭയിൽ വോട്ട് ചേർത്തതായും ആരോപണമുണ്ട്. ക്രമക്കേടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് ടി.ടി സുലൈമാൻ, ഒ.കെ ബൈജു, വേണു കല്ലുരുട്ടി, ദാവൂദ് മുത്താലം എന്നിവർ പങ്കെടുത്തു.