കോഴിക്കോട്: കൊവിഡിനെ ഭയന്ന് നാട്ടിലേക്ക് വണ്ടികയറിയ അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുന്നു. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെയാണ് ഭായിമാരുടെ കേരളത്തിലേക്കുള്ള മടക്കം. രോഗ വ്യാപനം നിലനിൽക്കുന്നതിനാൽ ജില്ലാഭരണകൂടം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒറീസ, ബംഗാൾ ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ജില്ലയിലുണ്ടായിരുന്ന അന്യസംസ്ഥാന തൊളിലാളികൾ ഏറെയും. ഈ മാസം അവസാനത്തോടെ വലിയൊരുവിഭാഗം തൊഴിലാളികൾ തിരികെയെത്തുമെന്നാണ് അറിയുന്നത്. അന്യതൊഴിലാളികളുടെ വരവോടെ പാതിവഴിയിലായ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ. മടങ്ങിയെത്തുന്ന തൊഴിലാളികൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പ്രകാരം നിരീക്ഷണത്തിൽ കഴിയണം. ഇതിന് തൊഴിലുടമയോ കരാറുകാരനോ സൗകര്യം ഒരുക്കണം. തുടർന്ന് കൊവിഡ് പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷമായിരിക്കണം ജോലിയിൽ പ്രവേശിക്കുന്നത്. ട്രെയിൻ മാർഗം ജില്ലയിലേക്ക് എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും തൊഴിലുടമയുടെ ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചുവരെ ആയിരത്തിലേറെ അന്യ സംസ്ഥാന തൊഴിലാളികൾ ജില്ലയിലെ വിവിധ തൊഴിലിടങ്ങളിൽ ഉണ്ടായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലും വരുമാനവും നിലച്ച ഇവർ സർക്കാർ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് പ്രത്യേക ട്രെയിനുകളും ബസുകളും സജ്ജമാക്കി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു.
" തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും ലോക്ക്ഡൗണും നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴിലാളികൾ തിരിച്ചെത്തുന്നതോടെ നിർത്തിവെച്ച നിർമ്മാണ ജോലികൾ വീണ്ടും തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കും. കൊവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും ജോലിയിൽ പ്രവേശിപ്പിക്കുന്നത് ''-സി.കെ രാജീവ്, ജില്ലാ സെക്രട്ടറി, പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ.