എലത്തൂർ: മൂന്നാഴ്ച മുമ്പ് കളഞ്ഞുകിട്ടിയ ലേഡീസ് ഹാൻഡ് ബാഗിന്റെ ഉടമയെ തേടി എലത്തൂർ പൊലീസ്.
കാരപ്പറമ്പ് റോഡരികിൽ നിന്നു കളഞ്ഞുകിട്ടിയ ലേഡീസ് ഹാൻഡ്ബാഗുമായി കഴിഞ്ഞ മാസം 16നാണ് വഴിയാത്രക്കാരൻ സ്റ്റേഷനിലെത്തിയത്. പൊലീസ് പരിശോധിച്ചപ്പോൾ ഇത് ആരുടേതാണെന്ന് കണ്ടെത്താൻ സാധിക്കുന്ന ഒരു രേഖയുമുണ്ടായിരുന്നില്ല. ബാഗിൽ നിന്നു ലഭിച്ച ഒരു ബില്ലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എസ് എം സ്ട്രീറ്റിലെ ഒരു വ്യാപാര സ്ഥാപനത്തിൽ എത്തി അന്വേഷിച്ചു. കടയിലെ സി.സി.ടിവി പരിശോധിച്ച് ബാഗിന്റെ ഉടമയുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. കാരപ്പറമ്പിലും പരിസരപ്രദേശത്തും അന്വേഷണം നടത്തിയിരുന്നു. ഉടമയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.