1
സമീർ ചിഹ്നങ്ങളുടെ സ്റ്റെൻസിൽ രൂപങ്ങൾ നിർമ്മിക്കുന്നു

കോഴിക്കോട്: തദ്ദേശ അങ്കത്തിന് തീയതി നഗരത്തിൽ ഗണ്ണി സ്ട്രീറ്റിലെ സമീറിന്റെ കടയിൽ ചിഹ്നങ്ങൾ നിറയുകയാണ്. അരിവാൾ ചുറ്രികയും കൈപ്പത്തിയും താമരയുമൊക്കെ സ്റ്റെൻസിൽ രൂപത്തിൽ വിടർന്നുവിരിയുകയാണ്.

സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും മാത്രം മതി. സമീറിന്റെ കരവിരുതിൽ അതിവേഗത്തിൽ സ്റ്റെൻസിലിൽ ഇത് രൂപം കൊള്ളുകയായി. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം സോഷ്യൽ മീഡിയയിൽ മുന്നേറുമ്പോഴും സ്റ്റെൻസിൽ വർക്കിന് ഒട്ടും കുറവില്ലെന്നാണ് സമീർ പറയുന്നത്. മറ്റു ജില്ലകളിൽ നിന്നു പോലും വിവിധ പാർട്ടിക്കാർ ഇവിടേക്ക് എത്തുന്നുണ്ട്.

അലൂമിനിയം തകിടിൽ ചിഹ്നം വരച്ച് കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് ചുമരിലടക്കം സ്‌പ്രേ പെയ്ന്റ് ചെയ്തെടുക്കാം.

ചണച്ചാക്കുകളിലും മറ്റും സ്ഥാപനത്തിന്റെ പേരും വിലാസവും വിലയും പതിക്കുന്നതാണ് സമീറിന്റെ പ്രധാന തൊഴിൽ. തിരഞ്ഞെടുപ്പ് കാലമായാൽ പിന്നെ സ്റ്റെൻസിൽ വർക്ക് ഒഴിഞ്ഞ നേരമില്ല. രാഷ്ട്രീതഭേദ്യമാന്യ എല്ലാ പാർട്ടിക്കാരുടെയും ചിഹ്നങ്ങൾ ചെയ്തുകൊടുക്കാറുണ്ട് സമീർ. കൈപ്പത്തി നി‌‌ർമ്മിക്കാനാണ് പ്രയാസം. ഇതിന് 900 രൂപയാണ് നിരക്ക്. അരിവാൾ ചുറ്റികയ്ക്ക് 750 രൂപ. താമരയ്ക്ക് 650 രൂപയും. രൂപത്തിന്റെ വലുപ്പത്തിനുസരിച്ച് നിരക്കും കൂടും.

ഏതാണ്ട് അൻപത് വർഷം പഴക്കമുണ്ട് ഗണ്ണി സ്ട്രീറ്റിലെ ഈ കൊച്ചുകടയ്ക്ക്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ബീരാൻകുട്ടി തുടങ്ങിയതാണിത്. അക്കാലത്ത് ഇ.കെ നായനാർ അടക്കമുള്ള നേതാക്കൾ ഇതുവഴി പോവുമ്പോൾ കടയിൽ കയറാറുണ്ട്.

നല്ലളം സ്വദേശിയായ സമീർ 14-ാം വയസിലാണ് തൊഴിൽ തേടി ബീരാൻകുട്ടിയുടെ കടയിലെത്തുന്നത്. അദ്ദേഹത്തിനൊപ്പം നിന്ന് സ്റ്റെൻസിൽ വർക്കിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. വൈകാതെ തന്നെ ഈ പണിയിൽ നൈപുണ്യവും നേടി. ബീരാൻകുട്ടിയുടെ വിയോഗത്തിനു പിറകെ അഞ്ചു വർഷം മുമ്പ് കട ഏറ്റെടുക്കുകയായിരുന്നു.

'ഇനി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിന്നു തിരയാൻ നേരമുണ്ടാവില്ല. ചുമരുകളിൽ ബുക്കിംഗ് എഴുതാൻ രണ്ടു മാസം മുമ്പേ പല പാർട്ടിക്കാരും വന്നു തുടങ്ങിയിരുന്നു. സ്ഥാനർത്ഥി പ്രഖ്യാപനം വരുന്നതോടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ.

സമീർ