cm

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എ യുമായ സി. മോയിൻകുട്ടി (77) അന്തരിച്ചു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറു മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

ഭാര്യ: ഖദീജ (കൊണ്ടോട്ടി). മക്കൾ: അൻസാർ മുഹമ്മദ് (വസ്ത്ര റെഡിമെയ്ഡ്‌സ്), മുബീന, ഹസീന. മരുമക്കൾ: ആയിഷ (മേപ്പയൂർ), മുസ്തഫ (അരിക്കോട്), അലി നരിക്കുനി.

സഹോദരങ്ങൾ: ഒ. അബ്ദുൾ ഹമീദ് (റിട്ട. ഡയറക്ടർ, ഇ.എസ്.ഐ), പി.സി.ഉമ്മർകുട്ടി (ഗ്ലാസ് ഹൗസ്, താമരശ്ശേരി), പി.സി. റഷീദ് (ആർക്കിടെക്ട്, കോഴിക്കോട്), ഓടങ്ങൽ നാസർ (വേവ്‌സ് ബ്യൂട്ടിപാർലർ), ആയിഷ, റാബിയ, നസീമ.

മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1996 ൽ കൊടുവള്ളിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് രണ്ടു തവണയും തിരുവമ്പാടിയിൽ നിന്ന്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. താമരശ്ശേരി സി.എച്ച് സെന്റർ പ്രസിഡന്റ്, അണ്ടോണ മഹല്ല് പ്രസിഡന്റ്, കുന്നിക്കൽ മഹല്ല് പ്രസിഡന്റ്, പരപ്പൻപൊയിൽ നുസ്‌റത്തുൽ മുഹ്‌താജീൻ സംഘം പ്രസിഡന്റ്, ലൗഷോർ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ മെന്റലി ചാലഞ്ച്ഡ് വർക്കിംഗ് ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. കബറടക്കം അണ്ടോണ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.