കോഴിക്കോട്: അപകടത്തിൽ പെട്ട് അബോധാവസ്ഥയിലായിരുന്ന അച്ഛനെ ഉണർത്താൻ ഉറക്കെ വായിച്ചു പഠിച്ച് എസ്.എസ് എൽ.സി പരീക്ഷയ്ക്ക് ഫുൾ എ.പ്ലസ് നേടിയ മലാപ്പറമ്പിലെ ആര്യ രാജിന് വീട് വെക്കാനുള്ള സ്ഥലം കാലിക്കറ്റ് ഈസ്റ്റ് ലയൺസ് ക്ലബ്ബ് കൈമാറി. ലയൺസ് ക്ലബ്ബ് മുൻ പ്രസിഡന്റ് സി.അബ്ദുൾ ഫൈസി, സ്ഥലം ഉടമയായ അനിൽകുമാർ കേലാട്ട് എന്നിവരിൽ നിന്ന് ആര്യയും അമ്മ സബിതയും ചേർന്ന് ആധാരം ഏറ്റുവാങ്ങി. അനുജ അനിൽകുമാർ, ലയൺസ് ക്ലബ്ബ് സെക്രട്ടറി സി.സജീഷ്, മുൻ സെക്രട്ടറി എം അച്ചുതൻ, ജോസഫ് ജനാർഡ് , കാലിക്കറ്റ് പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറി പി.വിപുൽനാഥ് എന്നിവർ സംബന്ധിച്ചു.
ആര്യയുടെ അച്ഛൻ പാപ്പിനിവട്ടത്ത് രാജൻ 2018 ഡിസംബർ 25 നാണ് കോട്ടയത്ത് റോഡപകടത്തിൽ പെട്ടത്. പിന്നീട് തീർത്തും അബോധാവസ്ഥയിലായ അച്ഛനെ ഉണർത്താൻ ഡോക്ടർമാരുടെ നിർദേശപ്രകാരം അടുത്തിരുന്ന് ഉറക്കെ വായിച്ചുപഠിക്കുകയായിരുന്നു ആര്യ. മകൾ ഉന്നതവിജയം കരസ്ഥമാക്കിയെങ്കിലും 2020 ജനുവരി 19ന് മരണത്തിന് കീഴടങ്ങിയ രാജൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. വാടകവീട്ടിൽ കഴിയുന്ന ആര്യയ്ക്ക് വീട് വെക്കാനുള്ള സ്ഥലം നൽകുമെന്ന് 2019 ജൂണിൽ കാലിക്കറ്റ് ഈസ്റ്റ് ലയൺസ് ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു. മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റാണ് ആര്യയ്ക്ക് വീട് നിർമ്മിക്കുക. പ്രോവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആര്യ.