കൽപ്പറ്റ: മാനന്തവാടി - കാട്ടിക്കുളം ഹൈവേയിൽ റോഡിന്റെ ഇരുവശത്തും ഓട്ടോറിക്ഷകളും ജീപ്പുകളും പാർക്ക് ചെയ്യുന്നതു കാരണം കാൽനടയാത്രക്കാർക്ക് നടക്കാൻ കഴിയുന്നില്ലെന്ന പരാതി ട്രാഫിക് ഉപദേശകസമിതി ചർച്ച ചെയ്ത് കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
വയനാട് ജില്ലാ പൊലീസ് മേധാവിക്കും തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്.
കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി. റോഡിൽ നിന്ന് ഒന്നര മീറ്റർ വിട്ട് മാത്രമേ വാഹനം പാർക്ക് ചെയ്യാവൂ എന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും തിരുനെല്ലി പഞ്ചായത്ത് അത് നടപ്പാലാക്കിയില്ലെന്ന് കമ്മീഷൻ കണ്ടെത്തി. ആരോപണങ്ങൾ യാഥാർത്ഥ്യമാണെന്ന് ജില്ലാ പൊലീസ് മേധാവിയും കമ്മീഷനെ അറിയിച്ചു. പൊതുപ്രവർത്തകനായ കെ.അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.