സുൽത്താൻ ബത്തേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഗോത്ര വർഗ്ഗ വോട്ടുകൾ നിർണായകമാകും. ജില്ലയിലെ ജനസംഖ്യയുടെ 19 ശതമാനവും ഗോത്ര ജനവിഭാഗമാണ്. ഇവരുടെ വോട്ടുകളാണ് ജില്ലയിലെ മുന്നണികളുടെ ജയപരാജയങ്ങൾ നിർണയിക്കുക.
ജില്ലയിലെ ജനസംഖ്യയുടെ 19 ശതമാനം വരുന്ന ഈ ജനവിഭാഗത്തെ കേന്ദ്രീകരിച്ചാണ് ഇടതു വലതു മുന്നണികളും എൻ.ഡി.എ യും പ്രവർത്തനം നടത്തുന്നത്.

ജില്ലയിലെ ജനസംഖ്യ 817429

ഗോത്രജനങ്ങൾ 11 വിഭാഗങ്ങളിലായി 151443

പണിയ വിഭാഗം 69116

കുറിച്ച്യർ 25266,

മുള്ളകുറുമർ 20983


ഗോത്ര വിഭാഗങ്ങളിൽ ഉയർന്ന സാക്ഷരതാ നിരക്കും ജീവിതനിലവാരവും സാമൂഹികവും സാമ്പത്തികവുമായി ഉയർന്ന നിലയിലുമെത്തിയത് മുള്ളകുറുമരും കുറിച്യരുമാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാനും ഒരു സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കാനും ഇവർക്ക് സാധിക്കും. ഗോത്ര വിഭാഗങ്ങളിൽ നിന്നെത്തുന്ന സ്ഥാനാർത്ഥികൾ ഈ രണ്ട് വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കും.
മറ്റ് ഗോത്ര വിഭാഗങ്ങളായ പണിയ, കാട്ടുനായ്ക്ക, ഊരാളി, അടിയ വിഭാഗങ്ങൾ ജീവിത ദുരിതങ്ങളും നിരക്ഷരതയും കാരണം ഇപ്പോഴും പ്രതിസന്ധി നേരിടുന്നവരാണ്. അതിനാൽ ഇവരെ ഏത് വിധേനയും വശത്താക്കാനാണ് മുന്നണികൾ ശ്രമിക്കുക. ഭൂമിക്കുവേണ്ടി വർഷങ്ങളായി ഇവർ നടത്തിവരുന്ന പോരാട്ടങ്ങൾ ഇവരുടെ രാഷ്ട്രീയ ചിന്താഗതികൾ മാറാൻ ഇടയായിട്ടുണ്ട്. ഇലക്ഷൻ കമ്മിഷന്റെ ശക്തമായ ഇടപെടലും കുറെയോക്കെ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്.
ഗോത്ര മേഖലയിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മുന്നണികൾ ഉയർത്തി കാണിക്കുമ്പോഴും നിലവിൽ മൂവായിരത്തോളം കുടുംബങ്ങൾ ഭൂരഹിതരും അയ്യായിരത്തോളം കുടുംബങ്ങൾ ഭവനരഹിതരുമാണ്. കുഗ്രാമങ്ങളിൽ താമസിക്കുന്ന ഗോത്ര വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളായ റോഡ്, കുടിവെള്ളം, വൈദ്യുതി എന്നിവ ഇപ്പോഴും അന്യമാണ്. ഈ വിഷയങ്ങളെല്ലാം തിരഞ്ഞടുപ്പിൽ ഉയർന്നു വരികയും ചെയ്യും. അതേസമയം ആദിവാസി ഗോത്ര മഹാസഭ പോലുള്ള ഗോത്ര സംഘടനകൾ തിരഞ്ഞടുപ്പിൽ മൽസരിക്കുന്നില്ല. ഗോത്ര വർഗ്ഗത്തിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകാനും ഗോത്ര വർഗ്ഗക്കാരില്ലത്തിടത്ത് തങ്ങളെ സഹായിക്കുന്നവർക്ക് വോട്ട് നൽകാനാണ് തീരുമാനം.